ജിദ്ദ – വിശുദ്ധ റമദാന്‍ മാസം അവസാനത്തിലേക്ക് അടുത്തതോടെ സൗദിയിലെങ്ങും പെരുന്നാള്‍ വിപണി സജീവം. പ്രാര്‍ഥനകളിലും ഖുര്‍ആന്‍ പരായണത്തിലും ആരാധനാ കര്‍മങ്ങളിലും മുഴുകിയിരുന്ന വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തിനുള്ള തയാറെടുപ്പുകളിലേക്ക് മാറിയതോടെ ചോക്കലേറ്റും മിഠായികളും അത്തറുകളും കളിക്കോപ്പുകളും മറ്റും വില്‍ക്കുന്ന കടകളില്‍ നല്ല തിരക്കാണ് ഈ ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്.
പെരുന്നാള്‍ വിപണിയില്‍ ഏറ്റവും തിരക്ക് ചോക്കലേറ്റ് കടകളിലാണ്. റമദാന്‍ അവസാന ദിവസങ്ങളില്‍ ഒഴുകിയെത്തുന്ന ഉപയോക്താക്കളെ സ്വീകരിക്കാന്‍ ചോക്കലേറ്റ്, മിഠായി കടകള്‍ വലിയ തോതില്‍ സ്റ്റോക്കുകള്‍ എത്തിച്ച് മുന്‍കൂട്ടി ഒരുക്കങ്ങള്‍ നടത്തിയിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന വ്യത്യസ്ത നിറങ്ങളിലും രുചിഭേദങ്ങളിലുമുള്ള ചോക്കലേറ്റുകള്‍ കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പെരുന്നാള്‍ മിഠായികളും പലഹാരങ്ങളും വില്‍ക്കുന്ന ചില കടകള്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
പരമ്പരാഗത വസ്ത്രമായ തോബും റെഡിമെയ്ഡ് വസ്ത്രങ്ങളും മറ്റും വില്‍ക്കുന്ന കടകള്‍ക്കും ഇത് നല്ല സീസണാണ്. ഉപയോക്താക്കളുടെ ആവശ്യാനുസരണം തോബ് തയ്ച്ച് നല്‍കുന്ന കടകളിലും റെഡിമെയ്ഡ് തോബ് കടകളിലും ഒരുപോലെ നല്ല തിരക്കാണ്. തോബ് തയ്ച്ച് നല്‍കുന്ന പല ടൈലറിംഗ് ഷോപ്പുകളും ദിവസങ്ങള്‍ക്കു മുമ്പു തന്നെ പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. കുട്ടികള്‍ക്ക് പെരുന്നാള്‍ തോബ് അളവെടുത്ത് തയ്ച്ചു നല്‍കാന്‍ 75 റിയാല്‍ മുതല്‍ 130 റിയാല്‍ വരെയും മുതിര്‍ന്നവര്‍ക്ക് 150 റിയാല്‍ മുതല്‍ 350 റിയാല്‍ വരെയുമാണ് നിരക്കുകള്‍. തുണിയുടെ ഇനത്തിനും ഗുണനിലവാരത്തിനും തയ്ക്കുന്ന രീതിക്കുമനുസരിച്ച് വ്യത്യസ്ത നിരക്കുകളാണ് സ്ഥാപനങ്ങള്‍ ഈടാക്കുന്നത്.