ജിദ്ദ: സൗദിയിലെ പ്രവാസി ഇന്ത്യക്കാർക്ക് ഇനി മുതൽ ഇ. പാസ്പോർട്ടുകൾ. ചിപ്പ് ഘടിപ്പിച്ച, 36 പേജുകളുള്ള ഡിജിറ്റൽ പാസ്പോർട്ടുകളുടെ ഔദ്യോഗിക വിതരണോദ്ഘാടനം ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി നിർവഹിച്ചു. കോൺസുലേറ്റ് മീറ്റിംഗ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ അപേക്ഷകരായ എട്ടു പേർക്കുള്ള ഇ. പാസ്പോർട്ടുകൾ കോൺസൽ ജനറൽ വിതരണം ചെയ്തു.
കോൺസൽ ( പ്രസ്സ്, ഇൻഫർമേഷൻ ആന്റ് കൊമേഴ്സ്യൽ കോൺസൽ മുഹമ്മദ് ഹാഷിം, വൈസ് കോൺസൽ ( പാസ്പോർട്ട് ) സുനിൽ ചൗഹാൻ തുടങ്ങിയവരും പങ്കെടുത്തു. ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട് വിഭാഗം തയ്യാറാക്കിയ ഇ. പാസ്പോർട്ടിന്റെ സാങ്കേതിക വശങ്ങൾ സതീഷ് ( കോൺസുലർ സർവീസ് വിഭാഗം) വിവരിച്ചു.
റിയാദിലും ഇന്ത്യക്കാർക്ക് ഇ. പാസ്പോർട്ട് സേവനം ലഭ്യമായിത്തുടങ്ങി. ഇ. പാസ്പോർട്ടിന്റെ കാലാവധി പത്ത് വർഷമാണ്. ഫീസിൽ മാറ്റമില്ല. 150 – ലധികം രാജ്യങ്ങളിൽ ഇ പാസ്പോർട്ടുകൾ ഇപ്പോൾ നിലവിലുണ്ട്. യു. എ. ഇ യിലെ ഇന്ത്യക്കാർക്ക് ഇ. പാസ്പോർട്ടുകൾ കഴിഞ്ഞ വർഷം മുതൽ വിതരണം ചെയ്ത് തുടങ്ങിയിരുന്നു. ഔദ്യോഗിക പാസ്പോർട്ട് സേവാ വെബ്സൈറ്റിൽ ഡിജിറ്റൽ പാസ്പോർട്ടുകൾക്കുള്ള അപേക്ഷ സമർപ്പിക്കാം.
ലോകത്തിലെ വിവിധ എയർപോർട്ടുകളിൽ യാത്ര ചെയ്യുന്നവരുടെ ഇ. ഗേറ്റ് സംവിധാനം സുഗമമാക്കുന്നതിനും ഡിജിറ്റൽ പാസ്പോർട്ടുകൾ സഹായകമാകും. അതിനിടെ പാസ്പോർട്ട് – വിസ സേവനങ്ങൾക്കുള്ള ഔട്ട്സോഴ്സ് സ്ഥാപനമായ വി. എഫ്. സിന്റെ സേവന കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടിയതായും കോൺസുലേറ്റ് അറിയിച്ചു.



