ജിദ്ദ – സൗദിയിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നുകൾ സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. ഉത്തര സൗദിയിലെ ജോർദാൻ അതിർത്തിയിലെ അൽദുറ പോസ്റ്റിലും കിഴക്കൻ സൗദിയിലെ ഒമാൻ അതിർത്തിയിലെ റുബ്ഉൽഖാലി മരുഭൂമി അതിർത്തി പോസ്റ്റും വഴി ട്രെയിലറിലും കാറിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരി മരുന്നുകളാണ് പിടികൂടിയത്.
അൽദുറയിൽ കാറിന്റെ ഇന്ധന ടാങ്കിൽ ഒളിപ്പിച്ച നിലയിൽ 33,548 ലഹരി ഗുളികകളും റുബ്ഉൽഖാലി മരുഭൂമി അതിർത്തിയിൽ ട്രെയിലറിൽ 21 കിലോ രാസലഹരിയുമാണ് ഡ്രൈവർമാർ കടത്താൻ ശ്രമിച്ചതെന്ന് സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അൽഹർബി അറിയിച്ചു. സുരക്ഷാ സാങ്കേതികവിദ്യകളും പോലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനകളിലാണ് മയക്കുമരുന്ന് ശേഖരങ്ങൾ കണ്ടെത്തിയത്.
കാറും ട്രെയിലറും പരിശോധിച്ച് മയക്കുമരുന്ന് ശേഖരങ്ങൾ കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു.



