ജിദ്ദ – സൗദിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഒമ്പതംഗ മയക്കുമരുന്ന് കടത്ത് സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതികളെല്ലാവരും സ്വദേശികളാണ്. ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനും സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയിലെ നാലു ഉദ്യോഗസ്ഥരും സൗദി ഇലക്ട്രിസിറ്റി കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനും അടങ്ങിയ സംഘമാണ് പിടിയിലായത്.
അല്‍ജൗഫ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടു വഴിയാണ് മയക്കുമരുന്ന് സൗദിയിലേക്ക് കടത്തിയിരുന്നത്. വിദേശത്തുള്ള മയക്കുമരുന്ന് കടത്ത് സംഘവുമായി സഹകരിച്ച് അല്‍ജൗഫ് എയര്‍പോര്‍ട്ടിലെത്തിക്കുന്ന മയക്കുമരുന്ന് സുരക്ഷാ പരിശോധനക്ക് വിധേയമാക്കാതെ പുറത്തേക്ക് കടത്തി വീടുകളിലും രഹസ്യ കേന്ദ്രങ്ങളിലും ഒളിപ്പിച്ച് വിതരണം ചെയ്യുകയും വില്പന നടത്തുകയുമാണ് സംഘം ചെയ്തിരുന്നത്.