ജിദ്ദ – ബഹുനില കെട്ടിടങ്ങളുടെയും അംബരചുംബികളായ ബില്‍ഡിംഗുകളുടെയും മുന്‍ഭാഗങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ശുചീകരിക്കാനുള്ള ആദ്യ ലൈസന്‍സ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അനുവദിച്ചു. സൗദിയില്‍ സേവനം നല്‍കുന്നതിനു മുന്നോടിയായി ഈ രംഗത്തെ സ്‌പെഷ്യലൈസ്ഡ് കമ്പനിക്കാണ് ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ വ്യോമഗതാഗത വ്യവസായത്തിന്റെ ഒരു റെഗുലേറ്റര്‍ എന്ന നിലയിലുള്ള പങ്ക് നടപ്പാക്കാനുള്ള അതോറിറ്റിയുടെ നീക്കത്തിന് അനുസൃതമായി കമ്പനികള്‍ക്ക് ആവശ്യമായ വഴക്കം നല്‍കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ടാണ് അതോറിറ്റി പുതിയ ചുവടുവെപ്പ് നടത്തിയിരിക്കുന്നത്.
ദേശീയ വ്യോമഗതാഗത തന്ത്രം ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ശ്രമിച്ച്, വിവിധ മേഖലകളില്‍ ആധുനിക സാങ്കേതികവിദ്യകളുടെ പ്രയോഗം പ്രാപ്തമാക്കാനുള്ള ഒരു പുതിയ ചുവടുവെപ്പ് നടത്തുകയാണ് കെട്ടിടങ്ങളുടെ ക്ലീനിംഗിന് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കുന്ന തീരുമാനത്തിലൂടെ നടത്തിയിരിക്കുന്നത്. ഡ്രോണുകള്‍ക്കായുള്ള നൂതന ആപ്ലിക്കേഷനുകളുടെ ഉപയോഗം പ്രാപ്തമാക്കാനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്. ഇതുവഴി ആധുനിക പ്രവര്‍ത്തന രീതികള്‍ നടപ്പാക്കാനും ഈ മേഖലയിലെ ആഗോള സംഭവവികാസങ്ങള്‍ക്ക് അനുസൃതമായി രക്ഷാപ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക പരാഗണം, മരുന്ന് തളിക്കല്‍ പോലെയുള്ള ആവശ്യങ്ങള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിക്കാനും ഗുണഭോക്താക്കളെ പിന്തുണക്കുകയാണ് ചെയ്യുന്നതെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പറഞ്ഞു.