മദീന – മദീന പ്രവിശ്യ വികസന അതോറിറ്റിയുമായി സഹകരിച്ച് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ഖുബാ മസ്ജിദിന്റെ മുറ്റത്ത് ഡ്രൈവര്‍രഹിത ഓട്ടോണമസ് റോബോബസ് ഷട്ടില്‍ സര്‍വീസ് പൈലറ്റ് പ്രോഗ്രാം ആരംഭിച്ചു. പ്രധാന സ്ഥലങ്ങളില്‍ സേവനത്തിന്റെ സന്നദ്ധത വിലയിരുത്തുക, അതിന്റെ കാര്യക്ഷമതയും ഗുണനിലവാരവും അളക്കുക, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക, ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യകളുടെ ഭാവി വിപുലീകരണത്തിനും സുസ്ഥിര ഗതാഗത പരിഹാരങ്ങള്‍ സ്വീകരിക്കാനും വഴിയൊരുക്കുക എന്നിവയാണ് ഈ ചുവടുവെപ്പിന്റെ ലക്ഷ്യം.
കാല്‍നടയാത്രക്കാര്‍ക്കും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നൂതന സെന്‍സര്‍ സംവിധാനങ്ങള്‍, ഉയര്‍ന്ന റെസല്യൂഷന്‍ ക്യാമറകള്‍ എന്നിവ ഉപയോഗിച്ചാണ് റോബോബസ് പ്രവർത്തിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കും ഉയര്‍ന്ന സുരക്ഷാ ഉറപ്പിക്കുന്ന വിധത്തിലാണ് രൂപകൽപ്പന.ഖുബാ മസ്ജിദ് പരിസരത്ത് 700 മീറ്റർ ദൈർഘ്യമുള്ള പ്രത്യേക റൂട്ടിലാണ് സർവീസ്. മുൻകൂട്ടി നിശ്ചയിച്ച പാതയിൽ നിന്ന് മാറാതെ കൃത്യമായ ഗതാഗത പ്രവാഹം ഉറപ്പാക്കാൻ ഇതിന് സാധിക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക പ്രവേശന കവാടങ്ങളിൽ നിന്നാണ് റോബോബസ് സർവീസുകൾ ആരംഭിക്കുന്നത്.
സന്ദർശകരുടെ ചലനം സുഗമമാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും സ്മാർട്ട് ഡ്രൈവിംഗ് സംവിധാനം വലിയ സഹായമാകും. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ 60 ദിവസത്തെ പൈലറ്റ് പ്രോഗ്രാമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഹൈ-റെസല്യൂഷൻ ഡിജിറ്റൽ മാപ്പുകൾ വഴി വാഹനത്തിന്റെ പ്രവർത്തനക്ഷമതയും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുമായുള്ള പൊരുത്തവും പരിശോധിക്കും. പരീക്ഷണ ഘട്ടത്തിലെ ഡാറ്റാ വിശകലനത്തിന് ശേഷം കൂടുതൽ സ്ഥലങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നത് പരിഗണിക്കും.
സഊദി അറേബ്യയുടെ ‘വിഷൻ 2030’ ലക്ഷ്യങ്ങളുടെ ഭാഗമായുള്ള ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിത്. 2026-നെ കൃത്രിമബുദ്ധി വർഷമായി രാജ്യം ആഘോഷിക്കുന്ന വേളയിൽ ഈ പദ്ധതി നടപ്പിലാക്കുന്നത് സവിശേഷ പ്രാധാന്യമർഹിക്കുന്നു. സ്മാര്‍ട്ട് ഗതാഗത സാങ്കേതികവിദ്യകള്‍ പ്രാദേശികവല്‍ക്കരിക്കുന്നതിലും മദീനയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷിതവും നൂതനവുമായ ഗതാഗത അന്തരീക്ഷം നല്‍കുന്നതിലും രാജ്യത്തിന്റെ മുന്‍നിര പങ്ക് ഓട്ടോണമസ് റോബോബസ് പദ്ധതി പ്രതിഫലിപ്പിക്കുന്നു.



