ജിദ്ദ – സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ തര്‍ക്കങ്ങളില്‍ നീതിന്യായ മന്ത്രാലയത്തിനു കീഴിലെ ലേബര്‍ കോടതികള്‍ തീര്‍പ്പ് കല്‍പിക്കുന്ന സംവിധാനം നാളെ മുതല്‍ നിലവില്‍ വരുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. തൊഴില്‍ പരാതികള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പരാതികള്‍ സമര്‍പ്പിക്കണം. തൊഴിലുടമകളുമായും തൊഴിലാളികളുമായും ചര്‍ച്ചകള്‍ നടത്തി പരാതികള്‍ക്ക് അനുരഞ്ജന പരിഹാരം കാണാന്‍ മന്ത്രാലയം ശ്രമിക്കും.
നിശ്ചിത സമയത്തിനകം രമ്യമായ പരിഹാരം കാണാന്‍ കഴിയാത്ത പക്ഷം പരാതികള്‍ വിചാരണ ചെയ്ത് തീര്‍പ്പ് കല്‍പിക്കുന്നതിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നീതിന്യായ മന്ത്രാലയത്തിനു കീഴിലെ ലേബര്‍ കോടതികള്‍ക്ക് കൈമാറുകയാണ് ചെയ്യുക. സര്‍ക്കാര്‍ വകുപ്പുകളുടെ റോളുകള്‍ ക്രമീകരിക്കാനും അധികാരമനുസരിച്ച് റോളുകള്‍ വീതിച്ചുനല്‍കാനുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ കേസുകള്‍ക്ക് രമ്യമായി പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് തൊഴില്‍ തര്‍ക്ക അനുരഞ്ജന പരിഹാര സമിതികളുടെ ചുമതല മാനവശേഷി, സാമൂഹിക വിസകന മന്ത്രാലയത്തിനും കേസുകള്‍ വിചാരണ ചെയ്ത് തീര്‍പ്പ് കല്‍പിക്കുന്ന ചുമതല നീതിന്യായ മന്ത്രാലയത്തിനു കീഴിലെ ലേബര്‍ കോടതികള്‍ക്കുമാകും.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നത് ഉറപ്പുവരുത്തുന്ന നിയമങ്ങളും നടപടിക്രമങ്ങളും മെച്ചപ്പെടുത്താന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. സൗദി തൊഴില്‍ വിപണി സുസ്ഥിരമാക്കാനും കൂടുതല്‍ ആകര്‍ഷകവും വിശ്വസനീയവുമായ തൊഴില്‍ വിപണി സൃഷ്ടിക്കാനും ഇത് സഹായിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.
സ്വകാര്യ മേഖലാ തൊഴിലാളികളുടെ തൊഴില്‍ കേസുകള്‍ക്ക് ബാധകമായ അതേ സംവിധാനമാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കും നടപ്പാക്കുന്നത്. സ്വകാര്യ തൊഴിലാളികള്‍ തൊഴില്‍ കേസുകള്‍ക്ക് പരിഹാരം കാണാന്‍ അതത് പ്രവിശ്യകളിലെ ലേബര്‍ ഓഫീസുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തൊഴില്‍ തര്‍ക്ക അനുരഞ്ജന പരിഹാര സമിതികളെയാണ് ആദ്യം സമീപിക്കേണ്ടത്. തൊഴിലാളികളുമായും തൊഴിലുടമകളുമായും ചര്‍ച്ചകള്‍ നടത്തി കേസുകള്‍ക്ക് രമ്യമായ പരിഹാരം കാണാന്‍ 21 ദിവസത്തെ സാവകാശമാണ് ഇത്തരം സമിതികള്‍ക്ക് നല്‍കുന്നത്. ഇതിനകം രമ്യമായി പരിഹരിക്കാന്‍ കഴിയാത്ത കേസുകള്‍ ലേബര്‍ കോടതികള്‍ക്ക് കൈമാറുകയാണ് പതിവ്.
നേരത്തെ സൗദിയില്‍ ലേബര്‍ ഓഫീസുകളോട് ചേര്‍ന്ന തൊഴില്‍ തര്‍ക്ക പരിഹാര സമിതികളാണ് ലേബര്‍ കോടതികളെ പോലെ പ്രവര്‍ത്തിച്ചിരുന്നത്. ജുഡീഷ്യല്‍ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് സമീപ കാലത്ത് തൊഴില്‍ കേസുകള്‍ക്ക് പ്രത്യേക കോടതികള്‍ സ്ഥാപിച്ചത്. സിറ്റിംഗുകളില്‍ തൊഴിലുടമകളോ അവരുടെ പ്രതിനിധികളോ കരുതിക്കൂട്ടി ഹാജരാകാത്തതു കാരണം കേസ് വിചാരണ അനന്തമായി നീണ്ടുപോകുന്നത് അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതോടെയാണ് പരിഹാരമായത്.