ജിദ്ദ – ലേസര്‍ ചികിത്സക്കിടെ രോഗികളെ ചിത്രീകരിച്ച വനിത ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖുന്‍ഫുദയിലെ ഡെര്‍മറ്റോളജി ക്ലിനിക്കിലെ ഡോക്ടര്‍ ലേസര്‍ ചികിത്സക്കിടെ വനിതാ രോഗികളെ ചിത്രീകരിച്ച് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതായി ആരോഗ്യ മന്ത്രാലയം കണ്ടെത്തുകയായിരുന്നു. ഇത് ഹെല്‍ത്ത് പ്രൊഫഷണല്‍ പ്രാക്ടീസ് നിയമത്തിന്റെ വ്യക്തമായ ലംഘനമാണ്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിലും രോഗിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിലുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ട ചുമതലയുടെ ഭാഗമായാണ് ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ലൈസന്‍സ് റദ്ദാക്കലും പിഴയും അടക്കമുള്ള നിയമാനുസൃത ശിക്ഷാ നടപടികള്‍ ഇവർക്കെതിരെ സ്വീകരിച്ചു.
രോഗികളെ ചിത്രീകരിക്കുന്നതും അവരുടെ മെഡിക്കല്‍, കോസ്‌മെറ്റിക് നടപടിക്രമങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതും അവ പ്രസിദ്ധീകരിക്കുന്നതും ഹെല്‍ത്ത് പ്രൊഫഷണല്‍ പ്രാക്ടീസ് നിയമത്തിന്റെയും അതിന്റെ നടപ്പാക്കല്‍ ചട്ടങ്ങളുടെയും ലംഘനമാണ്. എല്ലാ സ്‌പെഷ്യാലിറ്റികളിലും ജോലി ചെയ്യുന്ന ആരോഗ്യ വിദഗ്ധര്‍ക്കും എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നത് ആരോഗ്യ മന്ത്രാലയം ആരോഗ്യ തുടരുന്നു. രോഗികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതോ നിയമങ്ങള്‍ ലംഘിക്കുന്നതോ ആയ ഒരു രീതികളും വെച്ചുപൊറുപ്പിക്കില്ല. പൊതുജനാരോഗ്യം സംരക്ഷിക്കാനായി രാജ്യത്ത് അംഗീകരിച്ചിരിക്കുന്ന പ്രൊഫഷണല്‍, റെഗുലേറ്ററി വ്യവസ്ഥകള്‍ പാലിക്കണമെന്ന് എല്ലാ ആരോഗ്യ മേഖലാ പ്രാക്ടീഷണര്‍മാരോടും സ്ഥാപനങ്ങളോടും മന്ത്രാലയം ആഹ്വാനം ചെയ്തു.



