ജിദ്ദ – കുടുംബ കലഹത്തിനിടെ ഭാര്യയെ മര്‍ദിച്ച അറബ് വംശജനായ ഡോക്ടറെ ജിദ്ദ ക്രിമിനല്‍ കോടതി 15 ദിവസം തടവിന് ശിക്ഷിച്ചു. ദമ്പതികള്‍ക്കിടയിലുണ്ടായ വാക്കേറ്റത്തിനിടെ പ്രതി ഭാര്യയുടെ മുടി പിടിച്ചുവലിക്കുകയും കൈ പിടിച്ച് വളക്കുകയുമായിരുന്നു. ഇതിനിടെ വേദന സഹിക്കവെയ്യാതെ യുവതി ഉച്ചത്തില്‍ കരഞ്ഞു.
ഈ ദൃശ്യങ്ങള്‍ ദമ്പതികളുടെ മുറിയില്‍ രഹസ്യമായി സ്ഥാപിച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് യുവതി ചിത്രീകരിക്കുകയായിരുന്നു. ഇതടക്കമുള്ള തെളിവുകള്‍ യുവതി കോടതിയില്‍ ഹാജരാക്കി.
എന്നാല്‍ വീഡിയോയും വാട്സ് ആപ്പ്, സ്നാപ് ചാറ്റ് സന്ദേശങ്ങളും വ്യാജമാണെന്നും ഈ സന്ദേശങ്ങള്‍ തന്റെ ഫോണില്‍ നിന്ന് ഭാര്യ തന്നെ അവരുടെ ഫോണിലേക്ക് അയക്കുകയായിരുന്നെന്നും ഡോക്ടര്‍ കോടതിയില്‍ വാദിച്ചു.
ഇരു വിഭാഗത്തിന്റെയും വാദമുഖങ്ങള്‍ കേള്‍ക്കുകയും തെളിവുകള്‍ പരിശോധിക്കുകയും ചെയ്ത കോടതി ഡോക്ടര്‍ കുറ്റക്കാരനാണെന്ന് വിധിക്കുകയും ശിക്ഷ പ്രഖ്യാപിക്കുകയുമായിരുന്നു.