ജിദ്ദ– അടുത്ത മാസം മുതൽ ദോഹയിൽ നിന്ന് റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിക്കും. ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നേരിട്ട് വിമാന സർവീസുകൾ നടത്താൻ ഖത്തർ എയർവേയ്‌സുമായി ചർച്ച നടത്തിയതായി റെഡ് സീ ഗ്ലോബൽ കമ്പനി അറിയിച്ചു. 2025 ഒക്ടോബർ 21ന് ആദ്യത്തെ സർവീസ് നടത്തും. ഇതോടെ ലോകത്തെ 90 രാജ്യങ്ങളിൽ നിന്ന് ഖത്തർ എയർവെയ്സ് സർവീസുകളിൽ റെഡ് സീ ഡെസ്റ്റിനേഷനിൽ സന്ദർശകർക്ക് എത്താൻ സാധിക്കും. ആഴ്ചയിൽ മൂന്ന് വിമാന സർവീസുകളാണ് ഉണ്ടാവുക.
ആഡംബരത്തിന്റെ കേന്ദ്രമെന്ന നിലയിൽ റെഡ് സീ ഡെസ്റ്റിനേഷന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ ഈ പങ്കാളിത്തം ഒരു നിർണായക ചുവടുവെപ്പാണെന്ന് റെഡ് സീ ഗ്ലോബൽ കമ്പനി സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു. പുതിയ വിമാന സർവീസുകൾ ചെങ്കടലിന്റെ മനോഹരമായ നിധികളുമായ ലോകത്തെ ബന്ധിപ്പിക്കുന്ന പാലമായി പ്രവർത്തിക്കുമെന്ന് ജോൺ പഗാനോ പറഞ്ഞു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്രക്കാർക്ക് റെഡ് സീ ഡെസ്റ്റിനേഷനിലെ അതുല്യമായ അനുഭവങ്ങൾ ആസ്വദിക്കാൻ കഴിയുമെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എൻജിനീയർ ബദർ മുഹമ്മദ് അൽമീർ പറഞ്ഞു.
ഈ വർഷം അവസാനത്തോടെ റെഡ് സീ ഡെസ്റ്റിനേഷന്റെ ആദ്യ ഘട്ടം പൂർത്തിയാകുമ്പോൾ 7,60,000 ലേറെ സോളാർ പാനലുകൾ ഘടിപ്പിച്ച വിമാനത്താവളം പൂർണമായും പുനരുപയോഗ ഊർജത്താൽ പ്രവർത്തിക്കും. നിലവിൽ സിക്സ് സെൻസസ് സതേൺ ഡ്യൂൺസ് റിസോർട്ട്, ദി സെന്റ് റെജിസ് റെഡ് സീ റിസോർട്ട്, റിറ്റ്സ്-കാൾട്ടൺ റിസർവ് നുജൂമ, റെഡ് സീ ഗ്ലോബലിന്റെ പൂർണ ഉടമസ്ഥതയിലുള്ളതും കമ്പനി പ്രവർത്തിപ്പിക്കുന്നതുമായ ശെബാര, ഡെസേർട്ട് റോക്ക് എന്നീ അഞ്ച് ആഡംബര റിസോർട്ടുകളാണ് മേഖലയിൽ ഉള്ളത്. ശൂറാ ഐലൻഡ് റിസോർട്ടും ലോകോത്തര ഗോൾഫ് കോഴ്‌സായ 18 ഹോളുകളുള്ള ശൂറാ ലിങ്ക്സ് ഗോൾഫ് കോഴ്‌സും നിരവധി റെസ്റ്റോറന്റുകളും കഫേകളും അതുല്യമായ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും ഈ വർഷം തുറക്കും. ശൂറാ ദ്വീപിൽ ആസൂത്രണം ചെയ്ത 11 റിസോർട്ടുകളിൽ ആദ്യത്തേതാണ് ഈ വർഷം തുറക്കുക.