വാഷിംഗ്ടണ്‍ – സൗദി അറേബ്യ ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ഥന സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിരാകരിച്ചതായി അമേരിക്കയിലെ പ്രമുഖ വാര്‍ത്താ വെബ്സൈറ്റ് ആയ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീൻ വിഷയം തങ്ങളുടെ വിദേശനയത്തിലെ പ്രധാന മുൻഗണനയാണെന്നും അതിലുള്ള നിലപാട് ശക്തമായി തുടരുമെന്നും ട്രംപുമായുള്ള ചര്‍ച്ചക്കിടെ സൗദി കിരീടാവകാശി ആവര്‍ത്തിച്ചതായി ആക്‌സിയോസ് വ്യക്തമാക്കി. കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി 1967 ലെ അതിര്‍ത്തികള്‍ക്കുള്ളില്‍ ദ്വിരാഷ്ട്ര പരിഹാരവും ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതും ഇസ്രായില്‍ അംഗീകരിക്കാതെ ഇസ്രായിലുമായുള്ള സാധാരണവല്‍ക്കരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സൗദി കിരീടാവകാശി വിസമ്മതിച്ചു.
സൗദി കിരീടാവകാശി ട്രംപിന്റെ അഭ്യര്‍ഥന ശക്തമായി കൈകാര്യം ചെയ്യുകയും അദ്ദേഹത്തിന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ രണ്ട് യു.എസ് ഉദ്യോഗസ്ഥര്‍ കരുത്തനെന്ന് വിശേഷിപ്പിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണപ്രകാരം, സല്‍മാന്‍ രാജാവിന്റെ നിര്‍ദേശാനുസരണം ഈ മാസം 18 ന് സൗദി കിരീടാവകാശി അമേരിക്ക സന്ദര്‍ശിച്ചു. കിരീടാവകാശിക്ക് വൈറ്റ് ഹൗസില്‍ അസാധാരണവും ഊഷ്മളവുമായ സ്വീകരണം ലഭിക്കുകയും ട്രംപും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും വിശദമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തെ കുറിച്ചുള്ള സൗദി അറേബ്യയുടെ കാഴ്ചപ്പാട് കിരീടാവകാശി വീണ്ടും വ്യക്തമാക്കി. ഇസ്രായിലും ഫലസ്തീനികളും അടക്കം മേഖലയിലെ മുഴുവന്‍ രാജ്യങ്ങളുമായും സൗദി അറേബ്യ സമാധാനം ആഗ്രഹിക്കുന്നതായും ദ്വിരാഷ്ട്ര പരിഹാരം സാക്ഷാല്‍ക്കരിക്കുന്ന യഥാര്‍ഥ പാത ഉറപ്പുനല്‍കുന്ന നിലക്ക് ഫലസ്തീന്‍ പ്രശ്‌നത്തിന് വ്യക്തമായ പദ്ധതി തയാറാക്കണമെന്നും കിരീടാവകാശി പറഞ്ഞു.



