റിയാദ് – ഗതാഗത അനുഭവം സുഗമമാക്കാനായി റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഡിജിറ്റല്‍ ടിക്കറ്റ് സേവനം ആരംഭിച്ചു. ഡിജിറ്റല്‍ പരിഹാരങ്ങളെ ആശ്രയിച്ച് ഉപയോക്താക്കള്‍ക്ക് മികച്ചതും തടസ്സമില്ലാത്തതുമായ ഗതാഗത അനുഭവം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് ദര്‍ബ് ആപ്പ് വഴി ഡിജിറ്റല്‍ ടിക്കറ്റ് സേവനം ആരംഭിച്ചിരിക്കുന്നത്.
യാത്രക്കാര്‍ക്ക് ഇപ്പോള്‍ ദര്‍ബ് ആപ്പ് വഴി ഡിജിറ്റല്‍ ടിക്കറ്റുകള്‍ എളുപ്പത്തില്‍ ആക്ടിവേറ്റ് ചെയ്യാമെന്നും തുടര്‍ന്ന് ഗേറ്റുകളിലെ ഇലക്‌ട്രോണിക് റീഡര്‍ ഉപയോഗിച്ച് ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സ്റ്റേഷനുകളിലേക്ക് പ്രവേശിക്കാമെന്നും ഇത് വേഗതയേറിയതും കൂടുതല്‍ വഴക്കമുള്ളതുമായ ഉപയോക്തൃ അനുഭവം നല്‍കുമെന്നും റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് വിശദീകരിച്ചു.
ഗതാഗത കാര്യക്ഷമത മെച്ചപ്പെടുത്താനും നഗരത്തിനുള്ളില്‍ യാത്രക്കാരുടെ ചലനം സുഗമമാക്കാനും സഹായിക്കുന്ന നിലക്ക് രാജ്യത്തെ ഡിജിറ്റല്‍ പരിവര്‍ത്തന സംരംഭങ്ങളെ പിന്തുണക്കുന്നതിന്റെയും പൊതുഗതാഗത സംവിധാനത്തില്‍ സ്മാര്‍ട്ട് സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ സേവനം. നൂതനവും സുരക്ഷിതവുമായ ഗതാഗത സേവനങ്ങള്‍ നല്‍കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിത്. ദര്‍ബ് ആപ്പിലൂടെ പുതിയ ഫീച്ചറുകള്‍ പ്രയോജനപ്പെടുത്താനും മികച്ച ഗതാഗതം അനുഭവിക്കാനും റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് എല്ലാവരോടും ആഹ്വാനം ചെയ്തു.