ജിദ്ദ – പ്രമേഹത്തിനും പൊണ്ണത്തടിക്കുമുള്ള ആധുനിക ചികിത്സകളായ ജി.എല്‍.പി-1 നിര്‍മാണം പ്രാദേശികവല്‍ക്കരിക്കാന്‍ ലൈഫേര ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനി ഡാനിഷ് കമ്പനിയായ നോവോ നോര്‍ഡിസ്‌കുമായി ധാരണാപത്രം ഒപ്പുവെച്ചു. നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹിന്റെ സാന്നിധ്യത്തിലാണ് ഇരു കമ്പനികളും ധാരണാപത്രം ഒപ്പുവെച്ചത്. ബയോടെക്നോളജി മേഖലയില്‍ ഗുണനിലവാരമുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും വികസിപ്പിക്കാനുമുള്ള നിക്ഷേപ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്.
നൂതന ചികിത്സകളുടെ പ്രാദേശിക ഉല്‍പാദനം സാധ്യമാക്കാനാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. നോവോ നോര്‍ഡിസ്‌ക് കമ്പനിയുടെ മാതൃരാജ്യത്തിന് (ഡെന്‍മാര്‍ക്ക്) പുറത്ത് ഈ നൂതന വിഭാഗം ചികിത്സകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ പ്രാദേശികവല്‍ക്കരിക്കാന്‍ അംഗീകാരം നേടുന്ന ആദ്യ രാജ്യമാണ് സൗദി അറേബ്യ. ദേശീയ ബയോടെക്‌നോളജി മേഖലയിൽ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ ഏറ്റവും വലിയ പുരോഗതിയാണിത്.
സെമാഗ്ലൂറ്റൈഡ് (ഒസെമ്പിക്), വെഗോവി തുടങ്ങിയ ഉല്‍പന്നങ്ങള്‍ അടക്കമുള്ള ജി.എല്‍.പി-1 ചികിത്സകള്‍ക്കുള്ള പ്രാദേശിക ആവശ്യം നിറവേറ്റാനായി ഉല്‍പാദനം പ്രാദേശികവല്‍ക്കരിക്കുക, ഈ ചികിത്സകള്‍ നിര്‍മിക്കാന്‍ പ്രാദേശിക കേന്ദ്രം സ്ഥാപിക്കുക, ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരത്തില്‍ ആധുനിക സ്ഥാപനങ്ങള്‍ വഴി രാജ്യത്ത് നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ പ്രാദേശിക, അന്തര്‍ദേശീയ വിപണികളിലേക്ക് കയറ്റുമതി ചെയ്യുക എന്നിവയാണ് ധാരണാപത്രത്തില്‍ അടങ്ങിയിരിക്കുന്നത്.