കയ്‌റോ – ഗാസ പുനര്‍നിര്‍മാണത്തിന് ഈജിപ്ത് തയാറാക്കിയ പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്ത്. ഫലസ്തീന്‍ സായുധ, രാഷ്ട്രീയ കക്ഷികളുടെ പങ്കാളിത്തമില്ലാത്ത കമ്മിറ്റി ആറു മാസക്കാലത്തേക്ക് ഗാസയുടെ ഭരണം കൈയാളണമെന്നതാണ് പദ്ധതിയിലെ പ്രധാന നിര്‍ദേശം. ഈജിപ്തിന്റെ ഗാസ പുനര്‍നിര്‍മാണ പദ്ധതി കയ്‌റോയില്‍ നടക്കുന്ന അടിയന്തര ഉച്ചകോടിയില്‍ അറബ് നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
ആറു മാസം നീണ്ടുനില്‍ക്കുന്ന ഇടക്കാല ഭരണ കാലയളവില്‍ ഗാസയുടെ ഭരണ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഗാസ അഡ്മിനിസ്‌ട്രേഷന്‍ കമ്മിറ്റി രൂപീകരിക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. കമ്മിറ്റി സ്വതന്ത്രവും സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്നതുമായിരിക്കും. ഗാസയില്‍ വിന്യസിക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായി ഫലസ്തീന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഈജിപ്തും ജോര്‍ദാനും പരിശീലനം നല്‍കുമെന്നും പദ്ധതി പറയുന്നു.

അന്താരാഷ്ട്ര സമൂഹത്തിന്റെയും നിയമത്തിന്റെയും വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ ദ്വിരാഷ്ട്ര പരിഹാരമാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ഏറ്റവും നല്ല പരിഹാരം. ഗാസ ഫലസ്തീന്‍ പ്രദേശങ്ങളുടെ അവിഭാജ്യ ഭാഗമാണ്. സിവിലിയന്മാരെ കൊല്ലുന്നതിനെയും അവരെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നതിനെയും ഗാസ യുദ്ധം മൂലമുണ്ടായ അഭൂതപൂര്‍വമായ മാനുഷിക ദുരിതത്തെയും പദ്ധതി അപലപിക്കുന്നു. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ കണക്കിലെടുക്കണം. മറ്റു രാജ്യങ്ങളില്‍ മാറ്റിപ്പാര്‍പ്പികാതെ സ്വന്തം ഭൂമിയില്‍ ഫലസ്തീന്‍ ജനതയുടെ തുടര്‍ച്ചയായ സാന്നിധ്യം ഉറപ്പാക്കണം. യുദ്ധം അവശേഷിപ്പിച്ച മാനുഷിക ദുരന്തത്തെ അഭിസംബോധന ചെയ്യാന്‍ എല്ലാറ്റിനുമുപരി മാനുഷിക കാഴ്ചപ്പാടില്‍ നിന്ന് അന്താരാഷ്ട്ര സമൂഹം ഒന്നിക്കേണ്ടത് അനിവാര്യമാണെന്നും പദ്ധതി പറയുന്നു.
രാഷ്ട്രം സ്ഥാപിക്കാമെന്ന ഫലസ്തീന്‍ ജനതയുടെ പ്രതീക്ഷ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതും അവരുടെ ഭൂമി പിടിച്ചെടുക്കുന്നതും കൂടുതല്‍ സംഘര്‍ഷത്തിലേക്കും അസ്ഥിരതയിലേക്കും നയിക്കും. ഗാസയില്‍ വെടിനിര്‍ത്തല്‍ നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. പുനര്‍നിര്‍മാണം നടപ്പാക്കാന്‍ ഇടക്കാല ഭരണത്തിനും, ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതകള്‍ സംരക്ഷിക്കുന്ന വിധത്തില്‍ സുരക്ഷ നല്‍കാനുമുള്ള ക്രമീകരണങ്ങള്‍ ആവശ്യമാണ്.
ഗാസയും വെസ്റ്റ് ബാങ്കും അടങ്ങിയ ഫലസ്തീന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി രാഷ്ട്രം സ്ഥാപിക്കാനുള്ള ന്യായമായ അഭിലാഷങ്ങള്‍ നേടിയെടുക്കാനുള്ള ഫലസ്തീനികളുടെ അവകാശം കണക്കിലെടുക്കണം. സ്വന്തം ഭൂമിയില്‍ തുടരാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശം സംരക്ഷിക്കുകയും വേണം. അന്താരാഷ്ട്ര നിയമസാധുതക്കും രക്ഷാ സമിതി പ്രമേയങ്ങള്‍ക്കും അനുസൃതമായി രാഷ്ട്രീയവും നിയമപരവുമായ രീതിയില്‍ ഗാസയെ കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഈജിപ്ഷ്യന്‍ പദ്ധതി പറയുന്നു.
ഇന്ന് നടക്കാനിരിക്കുന്ന അറബ് ഉച്ചകോടിയുടെ കരട് അന്തിമ പ്രസ്താവന ഗാസയുടെ ഭാവിക്കായുള്ള ഈജിപ്ഷ്യന്‍ പദ്ധതി അംഗീകരിച്ചതായും ഈജിപ്ഷ്യന്‍ പദ്ധതിക്ക് വേഗത്തില്‍ പിന്തുണ നല്‍കാന്‍ അന്താരാഷ്ട്ര സമൂഹത്തോടും ധനകാര്യ സ്ഥാപനങ്ങളോടും പ്രസ്താവന ആഹ്വാനം ചെയ്യുന്നതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഗാസ പുനര്‍നിര്‍മാണം വിശകലനം ചെയ്യാന്‍ ഈ മാസം കയ്റോയില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തുന്നതിനെയും കരട് പ്രസ്താവന സ്വാഗതം ചെയ്തു. അനുയോജ്യമായ സാഹചര്യങ്ങള്‍ ലഭ്യമാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ ഫലസ്തീന്‍ പ്രദേശങ്ങളിലും തിരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രസ്താവന ആവശ്യപ്പെടുന്നു.