ജിദ്ദ – ഓപ്പറേഷൻസ് കാര്യങ്ങൾക്കുള്ള ആഭ്യന്തര സഹമന്ത്രി ലെഫ്റ്റനന്റ് ജനറൽ സഈദ് ബിൻ അബ്ദുല്ല അൽഖഹ്താനി അന്തരിച്ചു. സുരക്ഷാ രംഗത്ത് അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ദീർഘവും വിശിഷ്ടവുമായ സേവനത്തിലൂടെ വിശ്വസ്തതയുടെയും സമർപ്പണത്തിന്റെയും തിളക്കമാർന്ന മാതൃക സൃഷ്ടിച്ചാണ് ആഭ്യന്തര സഹമന്ത്രിയുടെ വിയോഗം. അര നൂറ്റാണ്ടിലേറെ കാലം നീണ്ടുനിന്ന സേവനത്തിലൂടെ സൗദി അറേബ്യയിലെ സുരക്ഷാ സംവിധാനം കെട്ടിപ്പടുക്കാനും വികസിപ്പിക്കാനും അദ്ദേഹം വലിയ സംഭാവനകൾ നൽകി. നിരവധി സുപ്രധാന നേതൃസ്ഥാനങ്ങളിലൂടെ ആഭ്യന്തരസഹമന്ത്രി വരെയായി ഉയർന്നു. ക്രിമിനൽ സുരക്ഷ, ഹജ്, പുണ്യസ്ഥലങ്ങൾ എന്നിവയുടെ സുരക്ഷ എന്നീ മേഖലകൽ അടക്കം സുരക്ഷാ പ്രവർത്തനങ്ങളുടെ വികസനത്തിൽ വലിയ പങ്ക് വഹിച്ചു.
1970ൽ കിംഗ് ഫഹദ് സെക്യൂരിറ്റി കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് സുരക്ഷാ സേവനം ആരംഭിച്ചത്. അതേ വർഷം തന്നെ ലെഫ്റ്റനന്റായി നിയമിതനായി. അന്നുമുതൽ സുരക്ഷാ മേഖലയിൽ വ്യത്യസ്ത പദവികൾ വഹിച്ചു. പ്രായോഗികവും പ്രൊഫഷണൽ വൈദഗ്ധ്യവും വർധിപ്പിക്കുന്ന നിരവധി കോഴ്‌സുകൾ പൂർത്തിയാക്കി. ഔദ്യോഗിക ജീവിതത്തിൽ തന്റെ പ്രൊഫഷണൽ യാത്രയിലെ നിർണായക നിമിഷങ്ങൾ അടയാളപ്പെടുത്തിയ നിരവധി സ്ഥാനങ്ങൾ വഹിച്ചു. ജയിൽ വകുപ്പിൽ സപ്ലൈസ് ഡയറക്ടറായി നിയമിതനായ അദ്ദേഹം, പൊതുസുരക്ഷാ വകുപ്പിനു കീഴിലെ ക്രിമിനൽ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിലും ജോലി ചെയ്തു. ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ക്രിമിനൽ എവിഡൻസിൽ ഇൻവെസ്റ്റിഗേഷൻ ഇൻസ്ട്രക്ടർ എന്ന നിലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വൈദഗ്ധ്യം വികസിപ്പിക്കാനും സംഭാവന നൽകി. ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ക്രിമിനൽ എവിഡൻസിലെ ജോലിക്കാലത്ത് ഈ മേഖലയിൽ പ്രത്യേക ശാസ്ത്രീയ പാഠഭാഗങ്ങൾ തയ്യാറാക്കി.
പൊതുസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 1982ൽ ക്രിമിനൽ സെക്യൂരിറ്റി വകുപ്പിൽ നരഹത്യ അന്വേഷണ വകുപ്പിന്റെ തലവനായി നിയമിക്കപ്പെട്ടു. അതേ വർഷം ഹജ് സീസണിൽ അറഫ മേഖലയിൽ അന്വേഷണ യൂണിറ്റുകളെ നയിക്കാൻ അദ്ദേഹത്തെ നിയോഗിച്ചു. തുടർച്ചയായി നാല് വർഷം ആ സ്ഥാനം വഹിച്ചു.
1992ൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിവിഷൻ ഡയറക്ടറായും, തുടർന്ന് ക്രിമിനൽ സെക്യൂരിറ്റി വകുപ്പ് ഡയറക്ടറായും നിയമിതനായി. ഇക്കാലയളവിൽ ക്രിമിനൽ അന്വേഷണങ്ങൾ വികസിപ്പിക്കുന്നതിലും ഫീൽഡ് പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും വലിയ സംഭാവനകൾ നൽകി. 1986 മുതൽ 1989 വരെയുള്ള ഹജ് സീസണുകളിൽ മിനാ മേഖലയിലെ അന്വേഷണ യൂണിറ്റുകൾക്ക് നേതൃത്വം നൽകി. 1990 മുതൽ 1994 വരെ പുണ്യസ്ഥലങ്ങളിലെ ക്രിമിനൽ സുരക്ഷാ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. പിന്നീട് ഹജ് സുരക്ഷാ സേന അസിസ്റ്റന്റ് കമാൻഡറായി നിയമിതനായി. ഈ കാലയളവിൽ ഹജിനായുള്ള ക്രിമിനൽ സുരക്ഷാ പദ്ധതികൾ വികസിപ്പിക്കാനും സുരക്ഷാ തയ്യാറെടുപ്പിന്റെ നിലവാരം ഉയർത്താനും സംഭാവന നൽകി.
1999ൽ മക്ക പ്രവിശ്യ പോലീസ് ഡയറക്ടറായും 2003ൽ ഹജ് സുരക്ഷാ സേന ഡെപ്യൂട്ടി കമാൻഡറായും 2005ൽ പൊതുസുരക്ഷാ വകുപ്പ് ഡയറക്ടറായും നിയമിതനായി. അദ്ദേഹത്തിന്റെ കാലത്ത്, സുസജ്ജത, സുരക്ഷാ സാങ്കേതികവിദ്യകൾ എന്നീ മേഖലയിൽ പൊതുസുരക്ഷാ വകുപ്പ് ഗണ്യമായ പുരോഗതിക്ക് സാക്ഷ്യം വഹിച്ചു. ഹിജ്‌റ 2015ൽ ഓപ്പറേഷൻസ് കാര്യങ്ങൾക്കുള്ള ആഭ്യന്തര സഹമന്ത്രിയായി നിയമിതനാകുന്നതുവരെ അദ്ദേഹം പൊതുസുരക്ഷാ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് തുടർന്നു.
ലെഫ്റ്റനന്റ് ജനറൽ സഈദ് ബിൻ അബ്ദുല്ല അൽഖഹ്താനിയുടെ വിയോഗത്തോടെ, സുരക്ഷാ പ്രവർത്തനങ്ങളുടെ ഗതിയിൽ വ്യക്തമായ മുദ്ര പതിപ്പിക്കുകയും രാജ്യത്തിന്റെ സുരക്ഷയും തീർഥാടകരുടെ സുരക്ഷയും ശക്തിപ്പെടുത്താൻ സംഭാവന നൽകുകയും ചെയ്ത ഏറ്റവും സമർപ്പിതരായ വ്യക്തികളിൽ ഒരാളെയാണ് സൗദി അറേബ്യക്ക് നഷ്ടമാകുന്നത്. ലെഫ്റ്റനന്റ് ജനറൽ സഈദ് ബിൻ അബ്ദുല്ല അൽഖഹ്താനിയുടെ വിയോഗത്തിൽ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ അനുശോചിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽ ചെലവഴിച്ച 60 വർഷക്കാലത്ത് ഭരണാധികാരികൾക്കും രാജ്യത്തിനും വേണ്ടിയുള്ള സേവനത്തിൽ ഉയർന്ന ധാർമ്മികത, സത്യസന്ധത, വിശ്വസ്തത എന്നിവക്കുള്ള ഉദാഹരണമായിരുന്നു ലെഫ്റ്റനന്റ് ജനറൽ സഈദ് ബിൻ അബ്ദുല്ല അൽഖഹ്താനിയെന്ന് ആഭ്യന്തര മന്ത്രി അനുസ്മരിച്ചു.



