റിയാദ് – പ്രവാസി ക്ഷേമനിധിയിൽ അടവ് കുടിശ്ശിക വരുത്തിയ അംഗങ്ങൾക്ക് പെൻഷൻ നിഷേധിച്ചുകൊണ്ടുള്ള കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ നടപടിയിൽ കെ.എം.സി.സി. സൗദി നാഷണൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ ഉത്തരവ് പാവങ്ങളായ പ്രവാസികളോടുള്ള കടുത്ത അനീതിയാണെന്നും, കേരളത്തിന് സാമ്പത്തിക അടിത്തറയുണ്ടാക്കിയ പ്രവാസി സമൂഹത്തോടുള്ള ധിക്കാരപരമായ നടപടിയാണെന്നും കമ്മിറ്റി സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഉടനെപരിഹാരംകാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, നോർക്ക, പ്രവാസി ക്ഷേമ നിധി ബോർഡ് എന്നിവർക്ക് ഇ മെയിൽ സന്ദേശം അയച്ചു.
കാലാവധി പൂര്‍ത്തിയായി പണമടക്കാന്‍ കുടിശ്ശികയായവര്‍ക്ക് രണ്ടുവര്‍ഷത്തിനകം തുക ഒരുമിച്ചടച്ചാല്‍ പെന്‍ഷന്‍ ലഭ്യമാക്കിയിരുന്നതാണ് നവംബര്‍ ഒന്നുമുതല്‍ പ്രവാസി ക്ഷേമബോര്‍ഡ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്.
വിദേശ രാജ്യങ്ങളിൽ വിവിധ വെല്ലുവിളികൾക്കിടയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക്, സാമ്പത്തിക പ്രതിസന്ധിയോ ജോലി നഷ്ടമോ കാരണം അടവിൽ വീഴ്ച സംഭവിക്കാനുള്ള സാഹചര്യം സ്വാഭാവികമാണ്. ഈ ചെറിയ വീഴ്ചയുടെ പേരിൽ, വർഷങ്ങളോളം അടച്ച തുക ഉൾപ്പെടെ നിഷ്ഫലമാക്കി പെൻഷൻ നിഷേധിക്കുന്നത് സാമൂഹിക നീതിയോ ക്ഷേമനിധിയുടെ ധാർമ്മിക ലക്ഷ്യമോ അല്ല.
പെൻഷൻ നിഷേധിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും തുച്ഛമായ വരുമാനമുള്ളവരും, ദുർബലമായ സാമ്പത്തിക സാഹചര്യങ്ങളിൽ കഴിയുന്നവരുമാണ്. ഇവരെ വാർദ്ധക്യകാലത്ത് ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതാണ് ഈ ക്രൂരമായ നടപടി. പ്രവാസി ക്ഷേമം എന്നത് കേരളത്തി. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തത്തിൽ നിന്നും സർക്കാർ ഒളിച്ചോടുകയാണെന്നും കെ.എം.സി.സി. കുറ്റപ്പെടുത്തി.
പെൻഷൻ നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുടിശ്ശിക വരുത്തിയ അംഗങ്ങൾക്ക്, പിഴ ഒഴിവാക്കിയോ, ചെറിയ പിഴ ഈടാക്കിയോ, പ്രത്യേക ‘അടവ് പുനഃക്രമീകരണ പദ്ധതി’ പ്രഖ്യാപിച്ചോ പെൻഷൻ പുനഃസ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കെഎംസിസി ആവശ്യപ്പെട്ടു .
പ്രവാസി സമൂഹത്തിന്റെ ഈ നിർണ്ണായകമായ ആവശ്യങ്ങളോട് സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിച്ചാൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെ.എം.സി.സി നാഷണൽ കമ്മിറ്റി ഭാരവാഹികളായ കെ.പി മുഹമ്മദ് കുട്ടി കുഞ്ഞിമോൻ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട് , അഹമ്മദ് പാളയാട്ട് , ഖാദർ ചെങ്കള തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.



