മദീന- മദീനയിലെ മലയാളികൾക്ക് ചിരപരിചിതിനായ കായംകുളം വള്ളികുന്നം പള്ളിക്കുറ്റി താളിരാടി വെങ്ങാലേത്ത് വിളയിൽ അബ്ദുൽ സത്താർ (52) മകൾ ആലിയ (20) എന്നിവർ അപകടത്തിൽ മരിച്ചു. ദേശീയ പാതയിൽ കരുവാറ്റ കെ.വി. ജെട്ടി ജങ്ഷനിൽ വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് ആയിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിക്ക് പിന്നിൽ ഇന്നോവ കാറിടിച്ചാണ് അപകടം സംഭവിച്ചത്.
ആലിയയുടെ വിവാഹത്തിനായി മദീനയിൽ നിന്നും വരുന്ന സത്താറിനെ നെടുമ്പാശേരി എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും വഴിയാണ് ഹരിപ്പാട് അപകടം ഉണ്ടായത്. നിർത്തിയിട്ട ലോറിക്ക് പിന്നിൽ കുടുംബം സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ബന്ധുക്കളും ഡ്രൈവറും അടക്കം മറ്റ് നാലുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മദീനയിൽ എത്തുന്നവരെ സൽക്കരിക്കുന്ന ഏറെ ആനന്ദം കണ്ടെത്തിയിരുന്ന അബ്ദുൽ സത്താറിന്റെ ആകസ്മിക വേർപാട് പ്രവാസികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി.