ഭാര്യയെ കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരന്റെ വധശിക്ഷയും നടപ്പാക്കി
ദമാം – കിംഗ് ഫഹദ് പെട്രോളിയം യൂനിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ ഡോ. അബ്ദുല്‍മലിക് ബിന്‍ ബകര്‍ ബിന്‍ അബ്ദുല്ല ഖാദിയെ കൊലപ്പെടുത്തുകയും ഭാര്യ സൗദി വനിത അദ്‌ല ബിന്‍ത് ഹാമിദ് മാര്‍ദീനിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ഈജിപ്ഷ്യന്‍ യുവാവ് മഹ്മൂദ് അല്‍മുന്‍തസിര്‍ അഹ്മദ് യൂസുഫിന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുന്‍കൂട്ടി ആസൂത്രണം ചെയ്ത് കവര്‍ച്ച ലക്ഷ്യത്തോടെ സൗദി ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഡെലിവറി ജീവനക്കാരനായ പ്രതി കത്തി ഉപയോഗിച്ച് പതിനാറു തവണ കുത്തിയാണ് ഡോ. അബ്ദുല്‍മലിക് ഖാദിയെ കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയെ പ്രതി മര്‍ദിക്കുകയും കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. മാരകമായി പരിക്കേറ്റ സൗദി വനിത ചികിത്സയിലൂടെ രക്ഷപ്പെടുകയായിരുന്നു.
കൊലപാതകത്തിനു ശേഷം ദമ്പതികളുടെ വീട്ടിലുണ്ടായിരുന്ന പണം തട്ടിയെടുത്ത് പ്രതി രക്ഷപ്പെട്ടിരുന്നു. മക്കളില്ലാത്ത, വൃദ്ധ ദമ്പതികളായ അബ്ദുല്‍മലിക് ഖാദിയും ഭാര്യയും വീട്ടില്‍ തനിച്ച് താമസിക്കുന്നത് മനസ്സിലാക്കിയാണ് ഇവരുമായി മുന്‍ പരിചയമുണ്ടായിരുന്ന ഡെലിവറി ജീവനക്കാരനായ പ്രതി കൊലപാതകവും കവര്‍ച്ചയും ആസൂത്രണം ചെയ്തത്.
മറ്റൊരു സംഭവത്തില്‍, മദീനയില്‍ സ്വന്തം ഭാര്യയെ തന്ത്രപൂര്‍വം വിജനമായ സ്ഥലത്തെത്തിച്ച് മര്‍ദിച്ചും ശ്വാസംമുട്ടിച്ചും മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരന് വധശിക്ഷ നടപ്പാക്കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബംഗ്ലാദേശുകാരി റാബിയ അഖ്തറിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ പ്രതി സൈഫുറഹ്മാന് മദീനയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.