ജിസാന്‍ – ബൈക്കില്‍ ഡെലിവറി തൊഴിലാളിയായി ജോലി ചെയ്യുന്ന യുവാവ് ജിസാനില്‍ ഒഴുക്കില്‍ പെട്ടു. റോഡിന് കുറുകെയുള്ള മലവെള്ളപ്പാച്ചിലിനിടെ മുന്നോട്ടുസഞ്ചരിക്കുന്നതിനിടെയാണ് ബൈക്ക് അടക്കം തൊഴിലാളി ശക്തമായ ഒഴുക്കില്‍ പെട്ടത്. ബൈക്കും യുവാവും ദൂരേക്ക് ഒലിച്ചുപോയി. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ യുവാക്കളില്‍ ഒരാള്‍ ചിത്രീകരിച്ച് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു.
കഴിഞ്ഞ ദിവസം മുതൽ അതിശക്തമായ മഴയാണ് ജിസാനിൽ പെയ്യുന്നത്. ജിസാന്‍ പ്രവിശ്യയിലെ അബൂഅരീശിനെയും സ്വബ്‌യയെയും ബന്ധിപ്പിക്കുന്ന റോഡിലെ റദീസ് പാലം ശക്തമായ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന് കാർ യാത്രക്കാരിയായ സ്ത്രീ മരിച്ചിരുന്നു.
ശക്തമായ മഴക്കിടെ വെള്ളിയാഴ്ചയാണ് പാലം തകര്‍ന്നത്. പാലത്തിന്റെ കൂറ്റന്‍ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയ കാറിലെ യാത്രക്കാരി അപകടത്തില്‍ മരണപ്പെട്ടതായും ഏതാനും പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. തകര്‍ന്ന പാലത്തിന്റെയും ഇതില്‍ കുടുങ്ങിയ രണ്ടു കാറുകളുടെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തകര്‍ന്ന പാലം കാണാന്‍ നിരവധി പ്രദേശവാസികള്‍ സ്ഥലത്തെത്തുന്നുണ്ട്.
അസാധാരണമായ കാലാവസ്ഥാ പ്രതിഭാസങ്ങൾ നിരീക്ഷിക്കപ്പെടുന്നെങ്കിൽ ഞങ്ങളുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുളിലൂടെ അറിയിക്കണെന്ന് സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.