ജിദ്ദ – സൗദിയില്‍ ഇന്റര്‍മീഡിയറ്റ് സ്‌കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ഇന്റര്‍മീഡിയറ്റ് സ്‌കൂളുകളില്‍ എല്ലാ ടേമുകളിലും പ്രതിവാരം മൂന്നു പിരീയഡുകള്‍ വീതം ചൈനീസ് പഠിപ്പിക്കാനാണ് തീരുമാനം. ഇന്റര്‍മീഡിയറ്റ് തലത്തില്‍ മദ്‌റസതീ പ്ലാറ്റ്‌ഫോം വഴിയും ഓണ്‍ലൈന്‍ ആക്ടിവിറ്റീസ് വഴിയും ചൈനീസ് പഠിപ്പിക്കാനും തീരുമാനമുണ്ട്. വിമര്‍ശനാത്മക ചിന്താ വിഷയം ഇന്റര്‍മീഡിയറ്റ് തലത്തില്‍ പഠിപ്പിക്കാനും വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
സൗദിയില്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സമീപ കാലത്ത് ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ തുടങ്ങിയിരുന്നു. സൗദി അറേബ്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് ചൈന. വര്‍ഷങ്ങളായി സൗദി അറേബ്യ ഏറ്റവുമധികം ഉല്‍പന്നങ്ങള്‍ കയറ്റി അയക്കുന്നത് ചൈനയിലേക്കാണ്. സൗദിയിലേക്ക് ഏറ്റവുമധികം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും ചൈനയില്‍ നിന്നാണ്. ടൂറിസം മേഖലയില്‍ ചൈനയുമായി സഹകരിക്കാനും ചൈനയില്‍ നിന്ന് പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ടൂറിസ്റ്റുകളെ സൗദിയിലേക്ക് ആകര്‍ഷിക്കാനും ശക്തമായ ശ്രമങ്ങളുണ്ട്. ചൈനയുമായുള്ള വാണിജ്യ, സാംസ്‌കാരിക വിനിമയം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കുന്നത്.