റിയാദ് – റിയാദ് പ്രവിശ്യയില്‍ പെട്ട ശഖ്‌റാക്കു വടക്ക് അല്‍മുസ്തവി മരുഭൂമിയില്‍ വെള്ളംകിട്ടാതെ ദാഹപരവശനായി മരണപ്പെട്ട സൗദി യുവാവിന്റെ കാര്‍ കണ്ടെത്തി. വളണ്ടിയര്‍മാര്‍ നടത്തിയ ആറു ദിവസം നീണ്ട തിരച്ചിലുകളിലൂടെയാണ് മരുഭൂമിയില്‍ മണലില്‍ ടയറുകള്‍ ആഴ്ന്ന് കുടുങ്ങിയ നിലയില്‍ കാര്‍ കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്ന് 8.7 കിലോമീറ്റര്‍ ദൂരെയാണ് കാര്‍ കണ്ടെത്തിയത്. കാര്‍ മരുഭൂമിയില്‍ കുടുങ്ങിയതോടെ രക്ഷാമാര്‍ഗം തേടി 8.7 കിലോമീറ്റര്‍ ദൂരം താണ്ടിയ യുവാവ് അവസാനം തളര്‍ന്നുവീണ് അന്ത്യശ്വാസം വലിക്കുകയായിരുന്നു.
നാലു ദിവസം നീണ്ട തുടര്‍ച്ചയായ തിരച്ചിലുകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് യുവാവിനെ മരുഭൂമിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉമ്മുഹസം-അശൈഖിര്‍ റോഡില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരെ അല്‍മുസ്തവി മരുഭൂമിയില്‍ സൗദി അറാംകൊക്കു കീഴിലെ ഗ്യാസ് പമ്പിംഗ് സ്റ്റേഷനു സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
മരുഭൂമിയില്‍ കാണാതാകുന്നവര്‍ക്കു വേണ്ടി തിരച്ചിലുകളും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുന്ന സന്നദ്ധ സംഘടനകളായ ഔന്‍ സൊസൈറ്റിയുടെയും ഇന്‍ജാദ് സൊസൈറ്റിയുടെയും വളണ്ടിയര്‍മാര്‍ നിരവധി ഫോര്‍വീല്‍ കാറുകളും ഡ്രോണുകളും ഉപയോഗിച്ച് കഴിഞ്ഞ ഞായറാഴ്ച മുതല്‍ നടത്തിയ ഊര്‍ജിതമായ തിരച്ചിലുകള്‍ക്കൊടുവിലാണ് മരുഭൂമിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ യുവാവിനെ കണ്ടെത്തിയത്.
ബലിപെരുന്നാള്‍ ദിവസം രാവിലെയാണ് യുവാവ് വീട്ടില്‍ നിന്ന് പിക്കപ്പുമായി പുറപ്പെട്ടത്.
പിന്നീട് യുവാവുമായുള്ള മൊബൈല്‍ ഫോണ്‍ ബന്ധം മുറിയുകയായിരുന്നു. ഇതേ തുടര്‍ന്ന് കുടുംബം സുരക്ഷാ വകുപ്പുകളെയും സന്നദ്ധ സംഘടനകളെയും വിവരമറിയിക്കുകയായിരുന്നു. ഉമ്മുഹസ്മിലെ മൊബൈല്‍ ഫോണ്‍ ടവര്‍ പരിധിയില്‍ നിന്നാണ് യുവാവ് അവസാനമായി ഫോണില്‍ ബന്ധപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഇതിനു സമീപമുള്ള അല്‍മുസ്തവി മരുഭൂമി കേന്ദ്രീകരിച്ച് തിരച്ചിലുകള്‍ നടത്തിയത്.