ദമാം- സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ മലയാളികൾക്കിടയിൽ ഏറെ പ്രശസ്തമായ ദമാം സയോൺ സംഘടിപ്പിച്ച സ്നേഹസാന്ത്വനം ജനപങ്കാളിത്തം കൊണ്ടും മികവാർന്ന സംഘാടനം കൊണ്ടും ഏറെ ശ്രദ്ധേയമായി.
ദമാം സിഹാത്തിലുള്ള ഡിൽമൺ റിസോർട്ട് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ നാട്ടിൽ നിന്നെത്തിയ വിശിഷ്ട കലാകാരന്മാരായ അതുൽ നറുകര, പ്രദീപ് ബാബു, സുമി അരവിന്ദ് എന്നിവരുടെ ഗാനസന്ധ്യയും സൗദി അറേബ്യയിലെ പ്രശസ്ത കലാകാരന്മാരുടെ വൈവിധ്യമാർന്ന കലാ പരിപാടികളും അരങ്ങേറി.
ഇറാം ഹോൾഡിങ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്‌ദുൾ റസാഖ് മുഖ്യ അതിഥിയായി പങ്കെടുത്ത സയോൺ സാംസ്ക്കാരിക സമ്മേളന ചടങ്ങിൽ സയോൺ വിഷൻ ഫോർ ലൈഫ് അവാർഡ് ബദർ അൽ റാബി മെഡിക്കൽ ഗ്രൂപ്പ് എം. ഡി. അഹമ്മദ് പുളിക്കൽ, സയോൺ മീഡിയ എക്സലൻസ് അവാർഡ് ദ മലയാളം ന്യൂസ് റിപ്പോർട്ടർ ദമാം ബ്യൂറോ ചീഫ് ഹബീബ് ഏലംകുളം, സയോൺ ബിസിനസ് എക്സലൻസ് അവാർഡ് സാബ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടർ ബെഞ്ചമിൻ ആന്റണി എന്നിവർക്ക് നൽകി ആദരിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ നിരവധി രോഗികൾക്ക് സാമ്പത്തിക സഹായം , രക്തദാനം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സയോണിന്റെ ഭവന നിർമ്മാണ പദ്ധതിയായ സ്നേഹഭവനത്തിലൂടെ എട്ടു വീടുകൾ ഇതിനോടകം സയോൺ നിർമ്മിച്ചു നൽകി. 2024 ൽ സ്നേഹഭവനത്തിന് പൂർണ്ണ പിന്തുണ നൽകിയ എലിസബത് ഗീവർഗീസ്, സാലി വിൽസൺ, ജേക്കബ്ബ് തോമസ് എന്നിവരെയും സ്നേഹസാന്ത്വനം സാംസ്ക്കാരിക സമ്മേളന വേദിയിൽ ആദരിച്ചു.നിരവധി നാടൻ വിഭവങ്ങൾ ഉൾപ്പെടുത്തി ക്രമീകരിച്ചിരിക്കുന്ന തട്ടുകടയും, കുട്ടി കുരുന്നുകളെ ആകർഷിക്കുന്ന കിഡ്സ് സ്റ്റാളും, ബദർ അൽ റാബി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സ്നേഹസാന്ത്വനത്തിന്റെ പ്രത്യേക ആകർഷണമായിരുന്നു.
പരിപാടികൾക്ക് പ്രോഗ്രാം ഡയറക്ടർ എൽദോസ് ചിറക്കുഴിയിൽ ജനറൽ കൺവീനർ ജേക്കബ്ബ് തോമസ് അസിസ്റ്റന്റ് ജനറൽ കൺവീനർ മാത്യു കെ അബ്രഹാം സയോൺ സെക്രട്ടറി പ്രിൻസ് ജോർജ്ജ്
പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് ലിബു തോമസ്, എൽസൺ ജി ചെട്ടിയാംകുടി സയോൺ ജോയിന്റ് സെക്രട്ടറി ബേസിൽ ജേക്കബ്ബ് ട്രഷറർ ജിത്തു ജേക്കബ്ബ് എസ് എം സി സെക്രട്ടറി വർഗീസ് എ സി എന്നിവർ നേതൃത്വം നൽകി.