ദമാം. ഒ ഐ സി സി ദമാം റീജ്യണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സിൻറ്റെ സമുന്നതനായ നേതാവുമായിരുന്ന യശ്ശ:ശരീരനായ ലീഡർ കെ കരുണാകരൻറെ നൂറ്റി ആറാമത് ജന്മദിന സമ്മേളനം സമുചിതമായി ആചരിച്ചു. ജൻമദിന സമ്മേളനവും ലീഡറുടെ സ്മരണകളിരമ്പുന്ന ഫോട്ടോ പ്രദർശനവും പരിപാടിയുടെ ഭാഗമായി നടന്നു. റീജ്യണൽ ആക്ടിംഗ് പ്രസിഡൻറ് ഷംസ് കൊല്ലത്തിൻറെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.
നാം ഇന്ന് കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കേരളം സൃഷ്ടിച്ചതില്‍ കെ കരുണാകരന്‍ നല്‍കിയ സംഭാവന വിവരിക്കാനാവുന്നതിലും അപ്പുറമാണ്. കേരളത്തിലെ ഏറ്റവും ജനകീയനും കരുത്തനുമായ കോണ്‍ഗ്രസ് നേതാവായിരുന്നു ലീഡര്‍ കെ കരുണാകരന്‍. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി സ്വാതന്ത്യ സമരത്തിൻറെ ഭാഗമായി, കഠിനമായ പ്രയത്‌നത്തിലൂടെ കോണ്‍ഗ്രസിന്റെയും രാജ്യത്തിന്റെയും സമുന്നതനായ നേതാവായി മാറുകയായിരുന്നു അദ്ദേഹം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ നേട്ടങ്ങള്‍ക്കുടമയായിരുന്നു ലീഡര്‍. കൊച്ചി നിയമസഭ, തിരുകൊച്ചി നിയമ സഭ, കേരള നിയമസഭ, ലോക് സഭ, രാജ്യസഭ എന്നിങ്ങനെ നമ്മുടെ എല്ലാ നിയമ നിര്‍മാണ സഭകളിലും അംഗമാകാന്‍ അവസരം ലഭിച്ച ഒരേ ഒരു മലയാളിയായിരുന്നു അദ്ദേഹം. കാല്‍ നൂറ്റാണ്ടിലധികം കാലം കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ നേതാവ്, നാല് തവണ മുഖ്യമന്ത്രി തുടങ്ങി ഒരു രാഷ്ട്രീയ നേതാവിനും തന്റെ പുരുഷായുസ്സില്‍ തകര്‍ക്കാന്‍ കഴിയാത്തത്ര റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം ചരിത്രത്തിലേക്ക് നടന്ന് നീങ്ങിയത്.
ഒരു ഭരണകര്‍ത്താവിന്റെ ആദ്യത്തെയും അവസാനത്തെയും പരിഗണന ജനങ്ങളായിരിക്കണം എന്നദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. കേരളത്തിന്റെ അഭിമാനമായി ഉയര്‍ത്തിക്കാട്ടുന്നതെല്ലാം കെ കരുണാകരന്റെ കയ്യൊപ്പ് പതിഞ്ഞവയാണ്.
സ്വാതന്ത്ര്യാനന്തര കേരളത്തിലെ നാലര ദശാബ്ദങ്ങളെ കരുണാകരന്റെ കാലം എന്നാണ് രാഷ്ട്രീയ ചരിത്രകാരന്‍മാര്‍ അടയാളപ്പെടുത്താറുള്ളത്. സൂക്ഷ്മബുദ്ധി, പ്രതിബദ്ധത, നിര്‍ഭയത്വം എന്നിവ സമഞ്ജസമായി സമ്മേളിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.തീരുമാനങ്ങള്‍ എടുക്കാനും അവ നടപ്പാക്കാനും ലീഡര്‍ കാണിച്ച ചടുലതയും ആര്‍ജവവും രാഷ്ട്രീയ കേരളം അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്.
താന്‍ എടുത്ത് നടപ്പാക്കുന്ന തീരുമാനങ്ങള്‍ സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കണം എന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. അതില്‍ ഒരു വിമര്‍ശനത്തെയും അദ്ദേഹം ഭയന്നില്ല. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയം, കൊച്ചി നഗരത്തിന്റെ മുഖഛായ തന്നെ മാറ്റിയ ഗോശ്രീ പാലങ്ങള്‍ ഇവയെല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കുമ്പോള്‍ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകള്‍ അനവധിയായിരുന്നു. അന്ന് അതിനെയെല്ലാം ലീഡര്‍ ഭയന്നിരുന്നെങ്കില്‍ കേരളത്തിന്റെ വികസന പാന്ഥാവിലെ ഈ നാഴികക്കല്ലുകള്‍ നമുക്ക് മുന്നില്‍ ഉണ്ടാകില്ലായിരുന്നു.
അച്യുത മേനോൻ മന്ത്രി സഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് കരുണാകരന് തന്നെയായിരുന്നു സിനിമ ഉൾപ്പെടെയുള്ള സാംസ്‌കാരിക വകുപ്പിന്‍റെയും ചുമതല. മലയാള സിനിമാ നിർമാണം ആ കാലഘട്ടത്തിൽ കേന്ദ്രികരിച്ചിരുന്നത് മദ്രാസിലായിരുന്നു. അവിടെനിന്നു മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചുനടേണ്ടതിന്‍റെ ആവശ്യകത മനസിലാക്കി ഫിലിം ഡവലപ്മെന്‍റ് കോർപ്പറേഷൻ രൂപീകരിക്കാൻ അദ്ദേഹം നടപടിയെടുത്തു. അന്നത് രൂപീകരിക്കുമ്പോൾ, ഇന്ത്യയിൽ തന്നെ പൊതുമേഖലയിൽ രൂപീകരിക്കുന്ന ആദ്യ ഫിലിം കോർപ്പറേഷനായിരുന്നു.
നാലു തവണ മുഖ്യമന്ത്രിയും ഒരു തവണ കേന്ദ്രമന്ത്രിയുമായ കരുണാകരൻ, ഭരണാധികാരിയെന്ന നിലയിൽ സംസ്ഥാന വികസനത്തിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. അസാധ്യമെന്ന് തോന്നുന്ന പല പദ്ധതികളും യാഥാർഥ്യമാക്കി മാറ്റുന്നതിൽ വൈദഗ്ധ്യമുള്ള നേതാവായിരുന്നു അദ്ദേഹം. അതിന്‍റെ തെളിമയാർന്ന ഉദാഹരണമാണ് നെടുമ്പാശേരി അന്തർദേശീയ വിമാനത്താവളം. പൊതുമേഖലയെയും സ്വകാര്യ മേഖലയെയും ഒരുമിപ്പിക്കുന്ന ആശയം ഇന്ത്യയിൽത്തന്നെ നിലവിലില്ലാതിരുന്ന അവസരത്തിലാണ് പൊതു- സ്വകാര്യ മേഖലകളെ സംയോജിപ്പിച്ച് നെടുമ്പാശേരിയിൽ വിമാനത്താവളം നിർമിക്കാൻ അദ്ദേഹം മുൻകൈയെടുത്തത്. എറണാകുളം- വൈപ്പിൻ ഗോശ്രീ പാലങ്ങളുടെ പദ്ധതി, തൃശൂർ- ഗുരുവായൂർ റെയിൽവേ ലൈൻ, ഏഴിമല നാവിക അക്കാദമി, ദക്ഷിണ വ്യോമസേനാ കമാൻഡ്, കായംകുളം എൻടിപിസി താപനിലയം, കൊച്ചി അന്തരാഷ്‌ട്ര സ്റ്റേഡിയം, കാലടി സംസ്‌കൃത സർവകലാശാല, മഹാത്മാ ഗാന്ധി സർവകലാശാല, തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്‍റർ, രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോ-ടെക്നോളജി എന്നിവയൊക്കെ സ്ഥാപിക്കുന്നതിലും അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണം കാണാം.
കൊച്ചിയിൽ കയറ്റുമതി വികസന മേഖല സ്ഥാപിക്കുന്നതിലും ഏഷ്യാഡ് നടന്ന അവസരത്തിൽ കേരളത്തിൽ ദൂരദർശൻ പ്രക്ഷേപണ നിലയം സ്ഥാപിക്കുന്നതിലും അദ്ദേഹം പ്രത്യേകം താൽപ്പര്യമെടുത്തിരുന്നു. പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായും അദ്ദേഹം നിരവധി നടപടികൾ കൈക്കൊണ്ടു.
ഒരു കാര്യം തീരുമാനിച്ചാൽ, എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് അത് നടപ്പിലാക്കാൻ അദ്ദേഹം ശുഷ്‌കാന്തി കാണിച്ചിരുന്നു. അതുപോലെ, സർക്കാർ നയങ്ങൾ ആത്മാർഥതയോടെ നടപ്പാക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്ക് മനഃപൂർവമല്ലാത്ത പിഴവുകൾ ഉണ്ടായാലും അവരെ അങ്ങേയറ്റം സംരക്ഷിക്കാൻ അദ്ദേഹത്തിന് മടിയില്ലായിരുന്നു. അതുകൊണ്ടു തന്നെയാണ് ഉദ്യോഗസ്ഥർക്കും അദ്ദേഹം പ്രിയങ്കരനായി മാറിയത്.
ഒ ഐ സി സി യുടെ ആദ്യ ഗ്ലോബൽ സമ്മേളനത്തിൽ ലീഡർ പങ്കെടുത്തു എന്നുള്ളത് എറെ മധുരമുള്ള ഓർമ്മയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലീഡറുടെ ഓർമ്മകളും, പ്രവർത്തന പാതകളും ഒ ഐ സി സി പ്രവർത്തർത്തനത്തിൽ കരുത്തായി മാറട്ടെയെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഗ്ലോബൽ പ്രതിനിധികളായ ഹനീഫ് റാവുത്തർ, ജോൺ കോശി, നാഷണൽ പ്രതിനിധികളായ റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്രമോഹൻ, റീജ്യണൽ വൈസ് പ്രസിഡൻറുമാരായ ഷിജില ഹമീദ്, വിൽസൻ തടത്തിൽ, ഡോ: സിന്ധു ബിനു, പി. കെ അബ്ദുൽ കരിം, ജനറൽ സെക്രട്ടറിമാരായ സി.ടി ശശി, ജേക്കബ്ബ് പാറയ്ക്കൽ, അൻവർ വണ്ടൂർ, സക്കീർ പറമ്പിൽ, റീജ്യണൽ എക്സിക്യൂട്ടീവ് മെമ്പർ ഷാജിദ് കാക്കൂർ, വനിതാ വേദി വൈസ് പ്രസിഡൻറ് ആനി പോൾ, ജനറൽ സെക്രട്ടറി ഷലൂജ ഷിഹാബ്, എറണാകുളം ജില്ലാ പ്രസിഡൻറ് അൻവർ സാദിഖ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
റീജ്യണൽ സംഘടനാ കാര്യ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.
റീജ്യണൽ നേതാക്കളായ ആസിഫ് താനൂർ, നിഷാദ് കുഞ്ചു, അരവിന്ദൻ, റോയ് വർഗ്ഗീസ് ജില്ലാ/എരിയ/ വനിതാ വേദി നേതാക്കളായ മുസ്തഫ നണിയൂർ നമ്പറം, ബിനു പുരുഷോത്തമൻ, രമേഷ് പാലയ്ക്കൽ, വാസുദേവൻ, രാജേഷ് സി.വി, ജോജി ജോസഫ്, ജലീൽ പള്ളാതുരുത്തി, സാബു ഇബ്രാഹിം, ഷിബു ശ്രീധരൻ, ഡിജോ പഴയ മഠം, രാജേഷ് ആറ്റുവ, അർച്ചന അഭിഷേക് എന്നിവർ നേതൃത്വം നൽകി.