ജിദ്ദ – സമുദായം ചേർന്ന് നിന്നാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും ഗ്രന്ഥകാരനും മാധ്യമപ്രവർത്തകനുമായ സി.പി സൈതലവി അഭിപ്രായപ്പെട്ടു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച ഉമ്മത്ത്; ചേർന്ന് നിൽപ്പിന്റെ ചരിത്രം എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മത്ത് ചേർന്ന് നിന്നാൽ പല അത്ഭുതങ്ങളും കാണിച്ചു കൊടുക്കാൻ സാധിക്കും. അത്ഭുതങ്ങൾ എന്ന് പറയുന്നത് ഒരു സമൂഹം സുരക്ഷിതമായി ജീവിക്കും എന്നതാണ്. സമുദായം എവിടെ ശക്തമായി ചേർന്ന് നിന്നിട്ടുണ്ടോ അവിടങ്ങളിൽ ഫാസിസ്റ്റുകൾക്ക് ശക്തിനേടാൻ കഴിയില്ല. എന്നാൽ വർത്തമാന കാലത്ത് ഉയർന്നുവരുന്ന അപശബ്ദങ്ങൾ ഉമ്മത്തിന്റെ ഭാവിക്ക് വിഘാതം സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാണക്കാട് തങ്ങൾ ഒരു പദവിയാണ്, സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് മുമ്പേ സമുദായത്തെ രാഷ്ട്രീയമായും ആത്മീയമായും നയിക്കപ്പെട്ട പാരമ്പര്യത്തിന്റെ പേരാണ് പാണക്കാട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി ആക്ടിങ് പ്രസിഡന്റ് സി കെ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. നാസർ എടവനക്കാട്, ഇസ്‌ഹാഖ് പൂണ്ടോളി, വി പി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.