ജിദ്ദ – സൗദി ഇസ്‌ലാമിക, ദഅ്‌വ, ഗൈഡന്‍സ് കാര്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷം രാജ്യത്തെ വിവിധ പ്രവിശ്യകളിലും ഗവര്‍ണറേറ്റുകളിലുമായി മസ്ജിദുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് കരാറുകള്‍ നല്‍കി. 6,478 ജുമാമസ്ജിദുകളുടെയും മസ്ജിദുകളുടെയും അറ്റകുറ്റപ്പണി, ശുചീകരണ, നടത്തിപ്പ് ജോലികള്‍ക്കായാണ് 31 കരാറുകള്‍ നല്‍കിയത്. ആകെ 40.82 കോടിയിലേറെ റിയാലിന്റെ കരാറുകളാണ് അനുവദിച്ചത്. മക്ക, മദീന, റിയാദ്, ജിസാന്‍, കിഴക്കന്‍ പ്രവിശ്യ, അസീര്‍, ഉത്തര അതിര്‍ത്തി പ്രവിശ്യ, അല്‍ജൗഫ്, നജ്റാന്‍, അല്‍ഖസീം എന്നീ പ്രവിശ്യകളിലെ മസ്ജിദുകളുടെ അറ്റകുറ്റപ്പണി, ശുചീകരണ, നടത്തിപ്പ് ജോലികള്‍ കരാറുകളില്‍ ഉള്‍പ്പെടുന്നു.
ഉയര്‍ന്ന അംഗീകൃത മാനദണ്ഡങ്ങള്‍ക്കനുസൃതമായി പള്ളികളുടെ സുസജ്ജതയും അറ്റകുറ്റപ്പണി, ശുചീകരണ സേവനങ്ങള്‍ എന്നിവയുടെ സുസ്ഥിരതയും ഉറപ്പാക്കാനും അതുവഴി വര്‍ഷം മുഴുവനും മസ്ജിദുകളില്‍ നല്‍കുന്ന സേവനങ്ങളുടെ നിലവാരം വര്‍ധിപ്പിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു. പള്ളി പരിപാലനത്തോടുള്ള സൗദി ഭരണാധികാരികളുടെ താല്‍പ്പര്യവും ശ്രദ്ധയും, സാധ്യമായ ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനുള്ള സമര്‍പ്പണവും, സുഖകരവും ആത്മീയമായി സമ്പന്നവുമായ അന്തരീക്ഷത്തില്‍ ആരാധകരെ സ്വീകരിക്കാന്‍ മസ്ജിദുകള്‍ സജ്ജമാക്കാനുള്ള പ്രതിബദ്ധതയും ഈ ശ്രമങ്ങള്‍ പ്രതിഫലിപ്പിക്കുന്നു.



