ജിദ്ദ – സൗദിയിലെ ആദ്യ ആണവ നിലയത്തിന്റെ നിര്‍മാണ ജോലികള്‍ തുടരുന്നതായി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജവും അതിന്റെ റേഡിയേഷന്‍ പ്രയോഗങ്ങളില്‍ നിന്നും പ്രയോജനം നേടാന്‍ സൗദി അറേബ്യ നീക്കം നടത്തുന്നതായി വിയന്നയില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ 68-ാമത് പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് സൗദി ഊര്‍ജ മന്ത്രി പറഞ്ഞു.
ദേശീയ ആണവോര്‍ജ പദ്ധതി നടപ്പാക്കുന്നത് രാജ്യം തുടരുന്നു. അന്താരാഷ്ട്ര പ്രതിബദ്ധതകളുടെ ചട്ടക്കൂടിനുള്ളില്‍ ദേശീയ ആവശ്യങ്ങള്‍ക്കനുസൃതമായി സുസ്ഥിര വികസനം കൈവരിക്കലും വ്യത്യസ്യത ഊര്‍ജ സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തലും മാത്രമാണ് സൗദി അറേബ്യയുടെ ലക്ഷ്യം. രാജ്യത്തെ ആദ്യത്തെ ആണവ നിലയം നിര്‍മിക്കാനുള്ള പദ്ധതി ദേശീയ ആണവോര്‍ജ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ആണവ നിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന തയാറെടുപ്പ് ഘടകങ്ങളും സമഗ്രമായ സുരക്ഷാ ബാധ്യതകള്‍ കൈവരിക്കാനുള്ള ആവശ്യകതകളും സൗദി അറേബ്യ പൂര്‍ത്തിയാക്കി. സ്‌മോള്‍ ക്വാണ്ടിറ്റീസ് പ്രോട്ടോകോള്‍ നിര്‍ത്താനും സുരക്ഷാ സംവിധാന കരാര്‍ പൂര്‍ണമായി നടപ്പാക്കുന്നതിലേക്ക് മാറാനുമുള്ള അപേക്ഷ 2024 ജൂലൈയില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് സൗദി അറേബ്യ സമര്‍പ്പിച്ചിട്ടുണ്ട്. 2024 ഡിസംബര്‍ അവസാനത്തോടെ സ്‌മോള്‍ ക്വാണ്ടിറ്റീസ് പ്രോട്ടോകോള്‍ ഫലപ്രദമായി നിര്‍ത്താനുള്ള ഉപനടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിലവില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി ചേര്‍ന്ന് സൗദി അറേബ്യ പ്രവര്‍ത്തിച്ചുവരികയാണ്.
ദേശീയ ആണവോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട, നിയമപരമായ നിര്‍ബന്ധിത അന്താരാഷ്ട്ര ആവശ്യകതകള്‍ പാലിക്കാന്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. അന്താരാഷ്ട്ര നോണ്‍-പ്രോലിഫെറേഷന്‍ സംവിധാനത്തില്‍ രാജ്യത്തിനുള്ള പ്രധാന പങ്കിനുള്ള പ്രതിബദ്ധതക്ക് അനുസൃതമായി ആണവ, സാങ്കേതിക സാമഗ്രികളുടെ നിയന്ത്രണത്തിനും കയറ്റുമതി നിയന്ത്രണത്തിനുമുള്ള ആവശ്യകതകള്‍ രാജ്യത്തെ ദേശീയ നിയമങ്ങള്‍ നിറവേറ്റുന്നു. ആണവോര്‍ജ ഉല്‍പാദനവുമായി ബന്ധപ്പെട്ട് സൗദിയില്‍ ഒളിച്ചുവെക്കേണ്ട യാതൊന്നുമില്ല. എല്ലാതരം ഊര്‍ജവും ഉല്‍പാദിപ്പിക്കുകയും കയറ്റി അയക്കുകയും ചെയ്യുന്ന ഒരു മാതൃകാ രാജ്യമെന്ന നിലയില്‍ ആണവോര്‍ജ മേഖലയുമായി ബന്ധപ്പെട്ട വെല്ലുവിളിയെ നേരിടാന്‍ സൗദി അറേബ്യ ആഗ്രഹിക്കുന്നു. ഊര്‍ജാവശ്യം മാത്രമാണ് സൗദി അറേബ്യ ആണവ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്നും അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
ദേശീയ ആണവോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ബാധ്യതകള്‍ പൂര്‍ണമായും പാലിക്കുന്നത് സൗദി അറേബ്യ തുടരുകയാണ്. ദേശീയ ആണവ പദ്ധതിയുടെ എല്ലാ തലങ്ങളിലും സുതാര്യതയും സുരക്ഷയും വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട ബാധ്യതകളുടെ പൂര്‍ത്തീകരണം ഉറപ്പാക്കാന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി രാജ്യം പ്രവര്‍ത്തിക്കുന്നതായും ഊര്‍ജ മന്ത്രി പറഞ്ഞു.