ജിദ്ദ ഒ.ഐ.സി.സിയുടെ സജീവ പ്രവർത്തകനും ജീവകാരുണ്യ സാമൂഹിക പ്രവർത്തകനുമായിരുന്ന ഷിബു കൂരിയുടെ (കാളികാവ് ) നിര്യാണത്തിൽ ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഈ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് വാണിയമ്പലത്ത് വച്ച് അദ്ദേഹം മരണപ്പെട്ടത്.
2014 മുതൽ ഒ.ഐ.സി.സി ഹറാജ് ഏരിയ കമ്മറ്റി പ്രസിഡണ്ടായും, ജിദ്ദ റീജിയണൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമായും സജീവമായി പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിരുന്ന വ്യക്തിത്വമായിരുന്നു ഷിബു.
കൊറോണ സമയത്ത് ജിദ്ദയിലെ പാവപ്പെട്ട പ്രവാസികൾക്ക് മരുന്ന്, ഭക്ഷണ കിറ്റുകൾ എന്നിവ എത്തിക്കുന്നതിനും, മറ്റും മുന്നിൽ നിന്ന് പ്രവർത്തിച്ച വ്യക്തിയായിരുന്നു.
ഏറെ സൗമ്യനും വലിയ സുഹൃത്ത് വലയത്തിനുടമയുമായിരുന്നു അദ്ദേഹം എന്ന് അനുശോചന പ്രഭാഷണം നടത്തിയ സഹപ്രവർത്തകർ അനുസ്മരിച്ചു. റാബക്കിലുള്ള എക്കണോമിക് സിറ്റിയിൽ ഐ.ടി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അദ്ദേഹം പ്രവാസജീവിതം താൽക്കാലികമായി അവസാനിപ്പിച്ച് രണ്ടുവർഷത്തോളം നാട്ടിൽ ആയിരുന്നു. രണ്ടു മാസം മുമ്പ് വീണ്ടും ജിദ്ദയിൽ എത്തിയ അദ്ദേഹം രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് അവധിക്ക് പോയത്. കോൺഗ്രസ് പ്രസ്ഥാനത്തെ ഏറെ സ്നേഹിക്കുകയും പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു ഷിബുവിന്റേതെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.
വാണിയമ്പലം കറുത്തേനിക്കുന്നത്ത് നജ്ലയാണ് ഭാര്യ. മക്കൾ അസ്ഹർ അലി(10) വാണിയമ്പലം സെന്റ് ഫ്രാൻസിസ് സ്കൂൾ വിദ്യാർത്ഥി, അർഹാൻ ആഖിഫ് (2) പിതാവ്, കൂരിമണ്ണിൽ ബീരാൻകുട്ടി കാളികാവ്,
മാതാവ് കോന്തക്കുളവൻ സുബൈദ വണ്ടൂർ കുറ്റിയിൽ.
ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡണ്ട് ഹുസൈൻ ചുള്ളിയോടിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ റീജിയണൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ദീൻ മണനാക്ക്, റീജിയണൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം മുജീബ് മൂത്തേടത്ത്, സിറ്റിപി ഇസ്മായിൽ, അലവി ഹാജി, സമീർ കാളികാവ്, സിപി മുജീബ് നാണി, ഉസ്മാൻ കുണ്ടുകാവിൽ, അനസ് കാളികാവ്,
രഞ്ജിത് കുമാർ ആലപ്പുഴ,
ഷിബു കാളികാവ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇസ്മായിൽ കൂരിപ്പൊയിൽ സ്വാഗതവും സമീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.