റിയാദ് – ഉയര്‍ന്ന വാടക തങ്ങളുടെ നടുവൊടിക്കുന്നതായി വ്യാപാരികളുടെ പരാതി. ഉയര്‍ന്ന വാടക താങ്ങാനാകാതെ നിരവധി വ്യാപാര സ്ഥാപനങ്ങളും കഫേകളും അടുത്ത കാലത്ത് റിയാദില്‍ അടച്ചുപൂട്ടി. തങ്ങളുടെ സാമ്പത്തിക നേട്ടം മാത്രമാണ് റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ നോക്കുന്നതെന്ന് അടച്ചുപൂട്ടിയ കഫേകളില്‍ ഒന്നിന്റെ ഉടമയായ ഉമര്‍ അല്‍ഉലയ്യാന്‍ പറഞ്ഞു. ഉയര്‍ന്ന വാടക കാരണമാണ് തന്റെ സ്ഥാപനം അടച്ചുപൂട്ടിയത്. കഫേകള്‍ നടത്തിക്കൊണ്ടുപോകാന്‍ ഏറ്റവും വലിയ ചെലവ് വരുന്നത് വാടകയിനത്തിലാണ്.
കെട്ടിട ഉടമകള്‍ വാടക ഉയര്‍ത്തുമ്പോള്‍ ഉല്‍പന്നങ്ങളുടെ വില ഉയര്‍ത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്. വില ഉയര്‍ത്തുന്നതോടൊപ്പം വില്‍പന വര്‍ധിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ഗുണം ചെയ്യില്ല. ഇതാണ് നിരവധി കോഫി ഷോപ്പുകള്‍ അടക്കാന്‍ കാരണമെന്നും ഉമര്‍ അല്‍ഉലയ്യാന്‍ പറഞ്ഞു.
എന്നാല്‍ വ്യാപാര സ്ഥാപനങ്ങളും കഫേകളും അടക്കാന്‍ പ്രധാന കാരണം വാടക വര്‍ധനയാണെന്ന് താന്‍ കരുതുന്നില്ലെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലാ വിദഗ്ധന്‍ ഫഹദ് അല്‍നമാസ് പറഞ്ഞു. സ്വന്തം പരാജയം മറച്ചുവെക്കാനാണ് വാടക വര്‍ധനവിനെ കുറിച്ച് വ്യാപാരികള്‍ സംസാരിക്കുന്നത്. പ്രശസ്തമായ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും വന്‍കിട വ്യാപാര സ്ഥാപനങ്ങളും അഞ്ചു മുതല്‍ പതിനഞ്ചു വരെ വര്‍ഷത്തെ വാടക കരാറുകള്‍ ഒപ്പുവെച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷത്തെ വാടക കരാര്‍ ഒപ്പുവെക്കുന്നത് വ്യാപാരികളുടെ ഭാഗത്ത് സംഭവിക്കുന്ന പിഴവാണ്. ഇത്തരം കരാറുകളിലൂടെ ചിലപ്പോള്‍ വ്യാപാരികള്‍ക്ക് സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ലെന്നും ഫഹദ് അല്‍നമാസ് പറഞ്ഞു.