ഖമീസ്മുഷൈത്ത്- സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തിൽ മലയാളി യുവാവിനെ മർദ്ദിച്ച് നട്ടെല്ലിന് ക്ഷതമേൽപ്പിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി നാട്ടിലേക്ക് കടന്നതായി പരാതി. കോഴിക്കോട് ഓമശ്ശേരി നടമൽപൊയിൽ സ്വദേശി അജ്മലി(24)നാണ് ക്രൂരമായ മർദ്ദനമേറ്റത്. നട്ടെല്ലിന് ക്ഷതമേറ്റ അജ്മൽ നിലവിൽ ചികിത്സയിലാണ്. കോഴിക്കോട് കൊടുവള്ളി പനോളിതാഴം ചുണ്ടപ്ര സ്വദേശി ഷറഫുദ്ദീൻ, പുള്ളന്നൂർ അനീഷ് എന്നിവരാണ് മർദ്ദിച്ചത്. ഷറഫുദ്ദീന് സൗദി പോലീസ് നടപടി സ്വീകരിക്കുന്നതിന് മുമ്പു തന്നെ ഇദ്ദേഹം നാട്ടിലേക്ക് കടന്നു. അനീഷിനെതിരെ കേസ് കൊടുത്തതായി മർദ്ദനമേറ്റ അജ്മലിന്റെ ബന്ധുക്കൾ അറിയിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനതാവളത്തിലിറങ്ങിയ ഷറഫുദ്ദീനെ അജ്മലിന്റെ ബന്ധുക്കൾ കാറിൽ പിന്തുടർന്ന് തടഞ്ഞുവെച്ചിരുന്നു. അജ്മലിന്റെ ബന്ധുക്കൾ മർദ്ദിച്ചുവെന്ന് ആരോപിച്ച് ഷറഫുദ്ദീൻ പോലീസിൽ പരാതി നൽകുകയും ചെയ്തു. സൗദിയിലും കേരളത്തിലും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അജ്മലിന്റെ ബന്ധുക്കൾ വ്യക്തമാക്കി.