ജിദ്ദ- നമ്മുടെ രാജ്യത്ത് ഇതുവരെ നിലവിലുണ്ടായിരുന്ന വഖഫ് നിയമം ഒരു മതസ്ഥരെയും ദ്രോഹിക്കുന്നതല്ലെന്നും ഒരാളുടെയും സമ്പത്ത് അപഹരിക്കുന്നതല്ലെന്നും ഐ.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി തൻസീർ സ്വലാഹി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ ‘വഖഫ് : വസ്തുത എന്ത് ‘ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവപ്രീതി പ്രതീക്ഷിച്ചുകൊണ്ട് തന്റെ മരണശേഷവും പ്രതിഫലം ലഭിക്കണമെന്ന ഉദ്ദേശത്തിൽ വിശ്വാസികൾ ചെയ്യുന്ന ധർമ്മമാണ് ‘വഖഫ്’. ആരാധനാലയങ്ങൾ, വഴിയാത്രക്കാർക്ക് ഉപകാരപ്പെടുന്ന വിശ്രമകേന്ദ്രങ്ങൾ, പൊതുജനങ്ങൾക്കുള്ള കിണറുകൾ തുടങ്ങിയവയെല്ലാം വിശ്വാസികൾ വഖഫായി നൽകാറുണ്ട്. ഏകദൈവാരാധകരായ, പരലോകവിശ്വാസമുള്ള, കൃത്യമായി നമസ്കരിക്കുന്ന, സകാത്ത് നൽകുന്ന വിശ്വാസികളാണ് ഇത്തരം വഖഫ് സ്വത്തുകൾ കൈകാര്യം ചെയ്യേണ്ടത്. നമ്മുടെ നാട്ടിൽ മഹല്ല് കമ്മിറ്റികളോ, ഖാളിമാരോ വഖഫ് ബോർഡോ ആണ് നിലവിൽ ഇതൊക്കെ നിയന്ത്രിച്ചു വരുന്നത്.
ഇപ്പോൾ കേന്ദ്രസർക്കാർ പാസ്സാക്കിയ പുതിയ വഖഫ് നിയമം വഖഫിന്റെ ഉദ്ദേശങ്ങൾ തന്നെ തകിടം മറിക്കാൻ ഇടയാക്കുന്നതാണ്. ഇനി മുതൽ സർക്കാരിന് ഒരു പരാതി ലഭിച്ചാൽ ഉടനടി അത് വഖഫ് സ്വത്ത് അല്ലാതാകും. നിലവിൽ എന്തെങ്കിലും പരാതികളുയർന്നാൽ അത് പരിഹരിക്കുന്നത് വഖഫ് ബോർഡ് ആണെങ്കിൽ ഇനിയത് ജില്ലാ കലക്ടർമാരാകും. ചുരുങ്ങിയത് രണ്ടു അമുസ്ലിങ്ങൾ ബോർഡിലുണ്ടാകണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. ഇനി മുതൽ ഒരാൾക്ക് സ്വത്ത് വഖഫ് ചെയ്യണമെങ്കിൽ ചുരുങ്ങിയത് 5 വർഷം അയാൾ നല്ല മുസ്ലിം ആണെന്ന് തെളിയിക്കണം. ഇത്തരം വ്യവസ്ഥകളെല്ലാം വഖഫ് സ്വത്തുക്കൾ ഭാവിയിൽ നഷ്ടപ്പെടാനുള്ള സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.
എന്നാൽ കേരള സംസ്ഥാനം തന്നെ നിലവിൽ വരുന്നതിന് മുൻപ് ഫാറൂഖ് കോളേജിന് ലഭിച്ച മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെടുത്തി ഇതൊക്കെ ന്യായീകരിക്കാനും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി വോട്ട് നേടുവാനുമാണ് ഫാസിസ്റ്റുകൾ ശ്രമിക്കുന്നതെന്ന് നാം മനസ്സിലാക്കണമെന്നും അദ്ദേഹം ഉണർത്തി.
‘നന്ദിബോധത്തിന്റെ ജീവിത സൗന്ദര്യം’ എന്ന വിഷയത്തിൽ ഐ എസ് എം മലപ്പുറം ജില്ലാ മുൻ വൈസ് പ്രസിഡന്റ് നൗഷാദ് ഉപ്പട പ്രഭാഷണം നിർവ്വഹിച്ചിരുന്നു. കോടികൾ വിലവരുന്നതാണ് നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും. അതിനാൽ നമ്മുടെ ശരീരമെന്ന ഈ വലിയ അനുഗ്രഹത്തിന് മാത്രം അതിന്റെ സൃഷ്ടാവിനോട് എത്ര നന്ദി കാണിച്ചാലും മതിയാകില്ലെന്നും അദ്ദേഹം ഉണർത്തി. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നൗഫൽ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.