ജിദ്ദ: അൽ വഫ ഹൈപ്പർമാർക്കറ്റ് ബാഗ്ദാദിയ ശാഖയുടെ നൂറാം ദിനാഘോഷത്തോടനുബന്ധിച്ച് ജിദ്ദയിലെ പ്രമുഖ വനിതാ കൂട്ടായ്മയായ ഇ.ഡബ്ല്യു.എ (Empowering Women’s Alliance) യുമായി സഹകരിച്ച് വിപുലമായ കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. അൽ വഫ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികളിൽ നിരവധി സ്ത്രീകളും കുട്ടികളും പങ്കെടുത്തു.
വനിതകളുടെ കലാപരവും ബൗദ്ധികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ത്രീകൾക്കായി വിവിധ ഭാഷകളിൽ കയ്യെഴുത്ത് മത്സരവും, കുട്ടികൾക്കായി കളറിംഗ് മത്സരവും അരങ്ങേറി. ഇംഗ്ലീഷ് കയ്യെഴുത്ത് മത്സരത്തിൽ ഷൈസ്ത അഷ്‌റഫ്, ഫാത്തിമ ലിൻഷ, അഷ്‌ന അഫ്സൽ എന്നിവരും, മലയാളത്തിൽ ആമി ഷിബു, നജ്മ, ബബിത ശരീഫ് എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹിന്ദി വിഭാഗത്തിൽ ആമി ബിജു ഒന്നാം സ്ഥാനവും റബ്ബി ശൈബാനി രണ്ടാം സ്ഥാനവും ഷൈസ്ത അഷ്‌റഫ് മൂന്നാം സ്ഥാനവും നേടി. നാല് മുതൽ എട്ട് വയസ്സ് വരെയുള്ള കുട്ടികൾക്കായി നടത്തിയ കളറിംഗ് മത്സരത്തിൽ അഭിമന്യു, ഫാത്തിമ ഹയ, നാസിറ ഫൈസ എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. യമുനാ വേണു, സലീന മുസാഫിർ, ആമിന ബിജു എന്നിവരായിരുന്നു മത്സരങ്ങളുടെ വിധികർത്താക്കൾ.


മത്സരങ്ങൾക്ക് ശേഷം ജിദ്ദയിലെ പ്രഗത്ഭരായ ഗായകർ അണിനിരന്ന സംഗീതവിരുന്നും കുട്ടികളുടെ നൃത്തച്ചുവടുകളും അരങ്ങേറി. മുതിർന്ന ഗായകരായ മിർസ ഷെരീഫ്, ജമാൽ പാഷ എന്നിവർ നേതൃത്വം നൽകിയ ഗാനമേളയിൽ സോഫിയ സുനിൽ, മാസിൻ ജമാൽ പാഷ, റാഫി ആലുവ, അഫ്ര സബീൻ റാഫി, ഫാത്തിമ അബ്ദുൽ ഖാദർ, സന്തോഷ് കലാകാട്ട്, അദീന, ആദിത് കൃഷ്ണ എന്നിവർ ഗാനങ്ങളാലപിച്ചു. ശ്രീത അനിൽകുമാർ, ഷമീന ടി.പി, ഫസീല എന്നിവർ അണിയിച്ചൊരുക്കിയ നൃത്തച്ചുവടുകൾ സദസ്സിന്റെ വലിയ കയ്യടി നേടി. മുഹമ്മദ് അമാൻ, മറിയം ഷംനാദ് എന്നിവർ അവതരിപ്പിച്ച കുസൃതി ചോദ്യങ്ങളും ക്വിസ് മത്സരവും പരിപാടിക്ക് കൂടുതൽ ആവേശം പകർന്നു.
സിമി അബ്ദുൽ ഖാദർ, മൗഷുമി ഷെരീഫ് എന്നിവർ അവതാരകരായ ചടങ്ങിൽ സൗദിയിലെ പ്രമുഖ സോഷ്യൽ മീഡിയ താരവും സാമൂഹ്യപ്രവർത്തകയുമായ സമീറ അസീസ് മുഖ്യാതിഥിയായിരുന്നു. സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ കബീർ കൊണ്ടോട്ടി, ബീരാൻ കോയിസ്സൻ, ഉണ്ണി തെക്കേടത്ത്, അബ്ദുല്ല മുക്കണ്ണി, ബഷീർ പരുത്തിക്കുന്നൻ, ജാഫറലി പാലക്കോട്, സുൽഫിക്കർ ഒതായി, വാസു ഹംദാൻ, ഖാജാ മൊഹിയുദീൻ, യുസുഫ് കോട്ട എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
EWA ചീഫ് കോർഡിനേറ്ററും ഗായികയുമായ സോഫിയ സുനിലിന്റെ നേതൃത്വത്തിൽ ജ്യോതി ബാബുകുമാർ, ഷെറീന റഷീദ്, സബീന റാഫി, ഷൈമ, നീമ, ഷബീന ജാഫർ, സീന എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സുനിൽ സയ്യിദിന്റെ നേതൃത്വത്തിൽ നവാസ് ബീമാപ്പള്ളി, ഷാജി റോയൽ എന്നിവർ സദസ്സ് നിയന്ത്രിച്ചു.


ആഘോഷങ്ങളുടെ ഭാഗമായി വേദി ഒരുക്കിയതും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തതും പ്രധാന പ്രായോജകരായ ഹൈപ്പർ അൽ വഫയായിരുന്നു. അൽ വഫ പ്രതിനിധികളായ മാർക്കറ്റിംഗ് മാനേജർ ഹർഷദ്, സ്റ്റോർ മാനേജർ അഫ്സൽ എന്നിവർ സന്നിഹിതരായിരുന്നു. ഇതോടൊപ്പം മതേഴ്സ് ഡേയോടനുബന്ധിച്ച് നടത്തിയ “മതേഴ്സ് ലവ്” വാട്സാപ്പ് സ്റ്റാറ്റസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിജയ് മസാല ആൻഡ് ഫുഡ് പ്രോഡക്ട്സ് വിതരണം ചെയ്തു.



