ജിസാൻ: ജിസാനിലെ പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ജിസാൻ ടയോട്ട മലയാളി കൂട്ടായ്‌മ സംഘടിപ്പിച്ച “പൊന്നോണത്തനിമ -2025” പരിപാടികളുടെ തനിമയും വൈവിധ്യവും കൊണ്ട് ശ്രദ്ധേയമായി. ഓണസദ്യയും ഓണപ്പാട്ടും പൂക്കളവും നാടൻ കളികളും വിവിധ കലാ കായിക മത്സരങ്ങളും വടംവലിയുമൊക്കെയായി ആഘോഷപരിപാടികൾ പ്രവാസിമലയാളികൾക്ക് ഓണത്തിൻറെ ഉത്സവലഹരി പകർന്നു. ജിസാൻ പ്രവിശ്യയിലെ ടയോട്ട കമ്പനിയിലെ വിവിധ ശാഖകളിലെ മലയാളി ജീവനക്കാരും കുടുംബങ്ങളും ഒത്തുചേർന്നാണ് ജിസാൻ ഫുക്കമറീന ആഡിറ്റോറിയത്തിൽ ഹൃദ്യമായ ഓണാഘോഷം സംഘടിപ്പിച്ചത്.
ഓണ സംഗമത്തിൽ മാധ്യമപ്രവർത്തകനായ താഹ കൊല്ലേത്ത്, കെ.എം.സി.സി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ മനു മോഹൻ സ്വാഗതവും ഗിരീഷ് നീലഗിരി നന്ദിയും പറഞ്ഞു. കുടുംബങ്ങളും സ്‌ത്രീകളും കുട്ടികളും പങ്കെടുത്ത വിവിധ കലാ-കായിക മത്സരങ്ങളും വാശിയേറിയ വടംവലി മത്സരവും നടന്നു. ആഘോഷ പരിപാടികളോടനുബന്ധിച്ച് നടത്തിയ സമ്മാന പദ്ധതിയിൽ വിജയികളായവർക്ക് ഹാരിസ് കല്ലായി, മനു മോഹൻ, ഗിരീഷ് എന്നിവർ സമ്മാനദാനം നടത്തി.
പ്രവിലാഷ്, ഗിരീഷ് നീലഗിരി, സന്തോഷ്, ഡോ. അനീഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനാലാപനവും കുട്ടികളുടെ വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷ പരിപാടികൾക്ക് മികവേകി. വിനോദ്, സുമേഷ്, ജിതിൻ, അനൂപ്, നിധീഷ്, പ്രമോദ്, രതീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.