അൽ ഖോബാർ: തുഖ്ബ സ്ട്രീറ്റ് 20ൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനമിടിച്ച് മലയാളിക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര പൂവാറ്റൂർ സ്വദേശി ഗോപി സദനം വീട്ടിൽ ഗോപകുമാറാ (52)ണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് നാല് മണിക്ക് സീബ്ര ലൈനിൽ കൂടി ഗോപകുമാർ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. കാർ നിർത്താതെ കടന്നു കളഞ്ഞു.
തുഖ്ബയിൽ എ സി വർക്ക് ഷോപ്പ് നടത്തി വരികയായിരുന്നു ഗോപകുമാർ. 16 വർഷത്തോളമായി ദമാമിൽ പ്രവാസിയാണ്. ഗോപിനാഥ് പിള്ള-പൊന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ശ്രീജ, ഗണേഷ് , കാവ്യ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള നിയമ നടപടി ക്രമങ്ങൾക്ക് കെ.എം.സി.സി തുഖ്ബ പ്രസിഡന്റ് ഉമ്മർ ഓമശ്ശേരി, കോബാർ പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാട്, വെൽഫെയർ വിഭാഗം ചെയർമാൻ ഹുസ്സൈൻ നിലമ്പൂർ തുടങ്ങിയവർ സഹായവുമായി രംഗത്തുണ്ട്.