നാട്ടിൽ നിന്നെത്തുന്ന ഒരു തീർത്ഥാടകൻ അറിയേണ്ടതെല്ലാം ആപ്പിൽ ഉണ്ട്
ജിദ്ദ: ഹജ് തീർത്ഥാടകർക്കും അവർക്ക് സേവനം നൽകുന്ന സന്നദ്ധപ്രവർത്തകർക്കും ഏറെ സഹായകമാകുന്ന മൊബൈൽ ആപ്പുമായി തനിമ. മൂന്ന് പതിറ്റാണ്ടിലേറെയായി തനിമ നൽകിവരുന്ന ഹജ്ജ് സേവനങ്ങളുടെ ഭാഗമായാണ് ആർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന മൊബൈൽ ആപ്പ് പുറത്തിറക്കിയത്. ജിദ്ദയിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനാ നേതാക്കൾ സംബന്ധിച്ച ചടങ്ങിൽ ആപ്പിന്റെ ഔപചാരിക ഉദ്ഘാടനം ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ബോർഡ് അംഗവും ജിദ്ദ നാഷനൽ ആശുപത്രി ഡയറക്ടറുമായ വി.പി അലി മുഹമ്മദ് അലി നിർവഹിച്ചു.
അല്ലാഹുവിന്റെ അതിഥികളായി ഹജ് നിർവഹിക്കാനെത്തുന്നവർക്കായി ഏറെ പ്രയോജനപ്പെടുന്ന ഇത്തരമൊരു മൊബൈൽ ആപ്പ് പുറത്തിറക്കിയ തനിമയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും ആപ്പ് കൂടുതൽ സജീവമാക്കി തീർത്ഥാടകന്റെ ഒരു സമ്പൂർണ സഹായിയാക്കി മാറ്റാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. തനിമ സൗദി കേന്ദ്ര പ്രസിഡന്റ് എ. നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുത്തി മൊബൈൽ ആപ്പിനെ സമ്പൂർണ ഹജ്, ഉംറ ഗൈഡാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

മൂന്ന് പതിറ്റാണ്ട് മുമ്പ് മുതൽ തനിമ ഹജ്ജ് സേവന രംഗത്തുണ്ടെന്നും അന്ന് മുതൽ ഇന്ന് വരെയുള്ള വിവിധ അനുഭവങ്ങളാണ് ഇത്തരമൊരു ആപ്പിന്റെ പ്രചോദനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബൂബക്കർ അരിമ്പ്ര, കെ.എം മുസ്തഫ (കെ.എം.സി.സി), അഹ്സാബ് വർക്കല, വേണു അന്തിക്കാട് (ഒ.ഐ.സി.സി), റഹീം ഒതുക്കുങ്ങൽ, ഇ.കെ നൗഷാദ് (പ്രവാസി വെൽഫയർ), നസീർ വാവക്കുഞ്ഞു (ഹജ്ജ് വെൽഫയർ), മിർസ ശരീഫ്, അബ്ദുള്ള മുക്കണ്ണി, തനിമ കേന്ദ്രസമിതി അംഗങ്ങള്‍ തുടങ്ങിയവർ ആപ്പ് ലോഞ്ചിംഗിൽ അണിനിരന്നു. മുനീർ ഇബ്രാഹിം ആപ്പ് പരിചയപ്പെടുത്തി. ഖലീൽ പാലോട് സ്വാഗതവും മുഹമ്മദലി പട്ടാമ്പി നന്ദിയും പറഞ്ഞു. അബു താഹിർ ഖിറാഅത്ത് നടത്തി.
മക്ക അസീസിയ്യയിൽ ഹാജിമാർ താമസിക്കുന്ന കെട്ടിട നമ്പറുകൾ, അവയുടെ ലൊക്കേഷനുകൾ, മെഡിക്കൽ സെന്ററുകൾ, ഓരോ ബ്രാഞ്ച് ഓഫീസിലും ബന്ധപ്പെടേണ്ട നമ്പറുകൾ, സിം സേവന ദാതാക്കളുടെ വിവരങ്ങൾ, ഏതു സമയത്തും വളണ്ടിയർമാരുമായി ബന്ധപ്പെടാവുന്ന ഹെൽപ് ഡെസ്കും നിലവിൽ ആപ്പിൽ ലഭ്യമാണ്. അറഫ, മിന ടെന്റ് ലൊക്കേഷനുകൾ വരും ദിവസങ്ങളിൽ ഉൾപ്പെടുത്തും.
നമസ്കാര സമയം, തസ്ബീഹ്, ത്വവാഫ് ഗൈഡ് തുടങ്ങിയ വിവരങ്ങളും ലഭ്യമാണ്. ആവശ്യമായ സേവനങ്ങളും നമ്പറുകളും ബുക്ക് മാർക്ക് ചെയ്തുവെക്കാനുള്ള സൗകര്യം ആപ്പിലുള്ളത് സാധാരണ ഹാജിമാർക്ക് വളരെയേറെ പ്രയോജനപ്പെടും. Thanima Hajj & Umra എന്ന പേരിൽ നിലവിൽ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ്ളിക്കേഷൻ ലഭ്യമാണ്. നാട്ടിൽനിന്ന് വരുന്ന ഹാജിമാർക്ക് ആപ്പിനെക്കുറിച്ച് വിവരം നൽകണമെന്നും അഭിപ്രായങ്ങളും നിർദേശങ്ങളും 0564060115 എന്ന നമ്പറിൽ അറിയിക്കണമെന്നും തനിമ ഭാരവാഹികൾ അറിയിച്ചു.