ദമാം: സൗദി അറേബ്യയുടെ ചരിത്രത്തിൽ ഇതാദ്യമായി മലയാളം ലിറ്റററി ഫെസ്റ്റ്. സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഈ മാസം 30,31 തിയ്യതികളിൽ ദമാമിൽ നടക്കും. പ്രമുഖ മലയാള സാഹിത്യകാരൻ ഡോ. പോൾ സക്കറിയ, തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ, പ്രശസ്ത സാഹിത്യകാരൻമാരായ റഹ്മാൻ കിടങ്ങയം, അഖിൽ പി ധർമജൻ, ആർ. രാജശ്രീ, ഷെമി, സജി മാർക്കോസ്, ജലീലിയോ തുടങ്ങിയ നിരവധി പേർ പങ്കെടുക്കും.
ഇവർക്ക് പുറമെ ജി.സി.സിയിൽനിന്നുള്ള എഴുത്തുകാരായ മുസാഫിർ, ജോസഫ് അതിരുങ്കൽ, സബീന എം സാലി, പി.എ.എം ഹാരിസ്, മൻസൂർ പള്ളൂർ, സാജിദ് ആറാട്ടുപുഴ, മാലിക് മഖ്ബൂൽ, സോഫിയ ഷാജഹാൻ, വഹീദ് സമാൻ, അരുവി മോങ്ങം, നിഖില സമീർ, സുബൈദ കോമ്പിൽ, സിമി സീതി, ഖമർ ബാനു, ജേക്കബ് ഉതുപ്, ഷനീബ് അബൂബക്കർ, മുഷാൽ തഞ്ചേരി, അഡ്വ. ആർ ഷഹിന, ലതിക അങ്ങേപാട്ട്, ഷബ്‌ന നജീബ്, സെയ്ദ് ഹമദാനി, ജയ് എൻ.കെ, മാത്തുക്കുട്ടി പള്ളിപ്പാട്, സമദ് റഹ്‌മാൻ കുടലൂർ, ആതിര കൃഷ്ണൻ തുടങ്ങിയ എഴുത്തുകാരും സാഹിത്യപ്രവർത്തകരും പങ്കെടുക്കും. നാടുവിട്ടവരുടെ ഹൃദയാക്ഷരങ്ങൾ എന്ന തലക്കെട്ടിലാണ് രണ്ടു ദിവസത്തെ ലിറ്റററി ഫെസ്റ്റ് നടക്കുന്നത്.
സൗദി അറേബ്യയിൽ ഇതാദ്യമായാണ് ഒരു മലയാളി സംഘടന സാഹിത്യ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ പത്തുവർഷമായി സൗദിയുടെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സൗദി മലയാളി സമാജം ദമ്മാം ചാപ്റ്ററാണ് ഫെസ്റ്റിന്റെ സംഘാടകർ. മലയാള സാഹിത്യത്തിന് ഏറെ ആരാധകരുള്ള സൗദിയിൽ ഇത്തരത്തിൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത് അഭിമാനകരമാണെന്ന് സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂൽ പറഞ്ഞു.
സാഹിത്യ സംവാദങ്ങൾ, ശിൽപ്പശാലകൾ, ചിത്രപ്രദർശനം, പുസ്തകപ്രകാശനം, തനതു കലാ പ്രകടനങ്ങൾ, കവിയരങ്ങ് എന്നിവ സാഹിത്യോത്സവത്തിന്റെ ഭാഗമായി അരങ്ങേറും. സൗദി അറേബ്യയുടെ സാഹിത്യ ഭൂപടത്തിൽ ഏറ്റവും തിളക്കമാർന്ന ഒരു നാഴികകല്ലായി മാറുന്ന വിധത്തിൽ ഏറ്റവും ചിട്ടയോടെയും, ജനപങ്കാളിത്തതോടെയുമാവും സാഹിത്യോത്സവം സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ, ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു, ഓർഗ: സെക്രട്ടറി ഷനീബ് അബൂബക്കർ ട്രഷറർ ഫെബിന സമാൻ എന്നിവർ അറിയിച്ചു.



