ജിദ്ദ- ഹിജ്‌റ കലണ്ടറിലെ ഒന്നാമത്തെ മാസമായ മുഹറം മാസത്തെ അപശകുനമായി കാണുന്ന പ്രവണത ശരിയല്ലെന്നും ഇസ്ലാമിൽ പുണ്യകരമായി പറഞ്ഞ നാലു മാസങ്ങളിൽ ഒന്നാണ് അതെന്നും ഷിഹാബ് സലഫി അഭിപ്രായപ്പെട്ടു. ‘മുഹറം- നഹ്സും ഖർബലയും’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യ ഇസ്ലാഹീ സെന്ററിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു സമയത്തെയും കാലത്തേയും പഴിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല. ഏതെങ്കിലും കാലത്തെ കുറ്റപ്പെടുത്തുമ്പോൾ ആ സമയത്തെ രൂപകൽപന ചെയ്ത സൃഷ്ടാവിനെ പഴിക്കുന്നതിന് സമമാണെന്നാണ് മതം പഠിപ്പിക്കുന്നത്. എന്നാൽ ഇന്ന് ചിലർ നഹ്സ് (ദുശ്ശകുനം) ഉള്ള ദിവസങ്ങൾ മാർക്ക് ചെയ്തിട്ടാണ് അവരുടെ കലണ്ടറുകൾ പോലും പുറത്തിറക്കുന്നത്. മുസ്ലിംങ്ങളായി അഭിനയിച്ചുകൊണ്ട് സമൂഹത്തിൽ കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിച്ച ഷിയാ വിശ്വാസക്കാരാണ് പിൽക്കാലത്ത് മുഹർറമടക്കമുള്ള പല മാസങ്ങളെയും പല ദിവസങ്ങളേയുമൊക്കെ അപശകുനമായി കാണുന്ന രീതികൾ സമൂഹത്തിലേക്ക് കൊണ്ടുവന്നത്.


നാലാം ഖലീഫ അലി (റ)യെ പിന്തുണക്കുന്നവർ എന്ന വ്യാജേനയാണ് ഷിയാ വിഭാഗം രംഗത്ത് വന്നത്. എന്നാൽ ഖുർആനിന്റെ സത്യസന്ധമായ വചനങ്ങളാണ് അവർ ഉപയോഗിക്കുന്നതെങ്കിലും അവരുടെ ഉദ്ദേശം ശരിയല്ലെന്ന് പറഞ്ഞുകൊണ്ട് ഖലീഫ അലി തന്നെ അവരെ തള്ളിപ്പറയുകയാണ് ഉണ്ടായത്. ഇവർ തന്നെയാണ് പിന്നീട് അദേഹത്തിന്റെ മകൻ ഹുസൈനിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കൂഫയിലേക്ക് യുദ്ധത്തിന് ക്ഷണിച്ചുവരുത്തുകയും അദ്ദേഹം അവിടെ എത്തിയപ്പോൾ പിന്തുണ കൊടുക്കാതെയിരിക്കുകയും ചെയ്തത്. പിന്നീട് അത് അദേഹത്തിന്റെ കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
ഇസ്ലാം കടന്നുവന്നതിന് ശേഷം ഒരുപാട് പുരോഗതികളുണ്ടായ പേർഷ്യയിൽ പിൽക്കാലത്ത് ഇസ്മായിൽ രണ്ടാമൻ എന്നയാളുടെ നേതൃത്വത്തിൽ ഈ ഷിയാ വിഭാഗത്തിന്റെ കടന്നുകയറ്റം ഉണ്ടാവുകയും ഒരുപാട് ക്രൂരകൃത്യങ്ങൾ അരങ്ങേറുകയും ചെയ്തു. അബൂബക്കർ, ഉമർ, ആയിഷ ബീവി തുടങ്ങിയ പ്രവാചകന്റെ സന്തത സഹചരികളെയൊന്നും ശപിക്കാത്തവർക്ക് അവിടെ ജീവിക്കാൻ പറ്റാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. ഇന്നും സൗദി അറേബ്യ അടക്കമുള്ള ലോകത്തെ പല മുസ്ലിം രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വിശാല പേർഷ്യൻ ഷിയാ സാമ്രാജ്യം കെട്ടിപ്പടുക്കലാണ് അവരുടെ ലക്ഷ്യം. മുസ്ലിങ്ങൾ വളരെ പുണ്യകരമായി കരുതുന്ന മുഹർറം 10ന് സ്വന്തം ശരീരങ്ങൾ മുറിവേൽപ്പിച്ചുകൊണ്ട് അവർ ചെയ്യുന്ന കോപ്രായങ്ങൾക്കൊന്നും മതത്തിൽ യാതൊരു അടിത്തറയില്ലെന്നും മറിച്ച് അന്ന് വളരെ പുണ്യകരമായ നോമ്പെടുക്കുകയാണ് പ്രവാചകചര്യയെന്നും അദ്ദേഹം സദസ്സിനെ ഉണർത്തി. അമീൻ പരപ്പനങ്ങാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.