ദമാം- മലയാളി സമാജം ദമാം ചാപ്റ്റർ മലയാള സാഹിത്യത്തിലും ചലച്ചിത്ര മേഖലയിലും ശ്രദ്ധേയ സംഭാവനകൾ നൽകിയ എഴുത്തുകാരൻ മൊയ്തു പടിയത്തിന്റ അനുസ്മരണം സംഘടിപ്പിച്ചു. എഴുത്തുകാരനും, മാധ്യമപ്രവർത്തകനും, മലയാളി സമാജം പ്രസിഡന്റുമായ സാജിദ് ആറാട്ടുപുഴ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. പ്രശസ്ത നോവലിസ്റ്റും, തിരക്കഥാകൃത്തും, സംവിധായകനുമായിരുന്ന മൊയ്തു പടിയത്ത്, യാഥാർത്ഥ്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള രചനകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ലളിതമാർന്ന ഭാഷാശൈലിയുടെ ഉടമയായിരുന്നുവെന്ന് സാജിദ് ആറാട്ടുപുഴ അനുസ്മരിച്ചു.
ഉമ്മ, യത്തീം, കുട്ടിക്കുപ്പായം തുടങ്ങിയവയിലൂടെയടക്കം അദ്ദേഹം അന്നത്തെ സാമൂഹികവ്യവസ്ഥിതിക്കും, ദുരാചാരങ്ങൾക്കുമെതിരേ ശക്തമായ വിമർശനങ്ങളും, താക്കീതുകളുമായിരുന്നു നടത്തിയിരുന്നത്. അന്നത്തെ യാഥാസ്ഥിതിക സമൂഹത്തിലും, സമുദായത്തിലും അതെല്ലാം ഉയർത്തിയ പ്രകമ്പനങ്ങൾ ചെറുതല്ലെന്ന് സാജിദ് ആറാട്ടുപുഴ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനത്തിൽ മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു.
പ്രവിശ്യയിലെ സാമൂഹിക സാംസ്കാരികപ്രവർത്തകരായ അൽമുന ഇന്റർ നാഷണൽ സ്കൂൾ പ്രിൻസിപ്പൽ നൗഫൽ പാലക്കോത്ത്, അഷ്‌റഫ് ആലുവ, ഷാജി മതിലകം, ഗായത്രി ബിജു എന്നിവർ സംസാരിച്ചു. സമാജം ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, ആസിഫ് താനൂർ, മുരളീധരൻ നായർ, ഫെബിനാ നജ്മുസ്‍മാൻ, ലീന ഉണ്ണികൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി. ഡോ. അമിതാ ബഷീർ അവതാരകയായിരുന്നു. ഡോ. സിന്ധു ബിനു സ്വാഗതവും, ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.



