ജിദ്ദ: ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാൻ രാഹുൽ ഗാന്ധി നയിക്കുന്ന പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അൽ സഫ ഏരിയ കെ.എം.സി.സി യുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം, ബോധവൽക്കരണ ക്ലാസുകൾ, രാഷ്ട്രീയ ചർച്ചകൾ എന്നിവ സംഗമത്തിന്റെ ഭാഗമായി നടന്നു.
ഏരിയ പ്രസിഡന്റ് നസീർ പെരുമ്പള അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ശബ്ദമുയർത്തിയ രാഹുൽ ഗാന്ധിയെ വേട്ടയാടാനുള്ള ഭരണകൂട ശ്രമങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. ആക്ടിംഗ് പ്രസിഡന്റ് റസാഖ് മാഷ്, ജിദ്ദ കെഎംസിസി സെക്രട്ടറി ഇസ്ഹാഖ് പുണ്ടോളി, നാഷണൽ കെഎംസിസി സെക്രട്ടറി നാസർ വെളിയങ്കോട് എന്നിവർ പ്രസംഗിച്ചു. സമീർ ആമയൂരിന്റെ നേതൃത്വത്തിൽ പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുദ്രാവാക്യങ്ങൾ മുഴക്കി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലേക്ക് കടന്നുവന്ന മുനീർ മൈലപ്പുറത്തിന് സ്നേഹാദരം നൽകി.
ഏരിയ ചെയർമാൻ മുഹമ്മദ് സമീർ യോഗത്തിന്റെ പ്രമേയം അവതരിപ്പിച്ചു. തുടർന്ന് റഹീം കോയ തങ്ങൾ പ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അബ്ദുൽ കരീം നോർക്ക പ്രവാസി ക്ഷേമനിധിയെക്കുറിച്ചും, വെൽഫെയർ വിങ്ങ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാട് സൗദി അറേബ്യയിലെ നിയമവശങ്ങളെക്കുറിച്ചും ക്ലാസെടുത്തു. സമീർ ആമയൂർ സ്വാഗതവും ട്രഷറർ ഷംസുദ്ദീൻ കുറ്റിപ്പുറം നന്ദിയും പറഞ്ഞു.