റിയാദ്: പ്രവാസി സമൂഹത്തിലെ ഇന്ത്യൻ വിദ്യാർത്ഥികളിലും യുവാക്കളിലും ഖുർആൻ പാരായണവും പഠനവും ഗവേഷണവും മുൻ നിർത്തി തിലവാത്ത് – ഹിഫ്ള് – തഹ്‌സീൻ – ഉറുദി തുടങ്ങി വ്യത്യസ്ത മേഖലയിൽ രിസാല സ്റ്റഡി സർക്കിൾ റിയാദ് നോർത്ത് സോൺ കമ്മിറ്റി സംഘടിപ്പിച്ച എട്ടാമത് എഡിഷൻ തർതീലിന് വിവിധ പരിപാടികളോടെ പ്രൗഢോജ്വല പരിസമാപ്തി.
സൗദി ഈസ്റ്റ് ചെയർമാൻ ഹാഫിള് ഉമറുൽ ഫാറൂഖ് സഖാഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി ഐസിഎഫ് റിയാദ് റീജിയൻ ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം ഉദ്ഘാടനം ചെയ്തു. എട്ട് സെക്ടറുകളിൽ നിന്നായി ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍, സൂപ്പർ സീനിയർ വിഭാഗങ്ങളില്‍ തിലാവത്ത്, ഹിഫ്ള്, ഹാഫിള് തിലാവത്ത്, ഹാഫിള് ഹിഫ്ള്, ക്വിസ്, ഇസ്മുൽ ജലാല, മുബാഹസ തുടങ്ങി വിവിധ 22 ഇന മത്സരങ്ങളിൽ പ്രതിഭകൾ മാറ്റുരച്ചു. മലാസ് സെക്ടര്‍ ചാമ്പ്യന്മാരായ പരിപാടിയിൽ സുലൈ, ഒലയ്യ സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി.
സോൺ ചെയര്‍മാന്‍ അഷ്റഫ് സഅദിയുടെ അധ്യക്ഷതയില്‍ ചേർന്ന സമാപന സംഗമം ഷെയ്ഖ് സയ്യിദ് ഖാലിദ് അൽഹുസൈനി ഉദ്ഘാടനം ചെയ്തു. സൗദി ഈസ്റ്റ് നാഷനൽ സെക്രട്ടറിയേറ്റ് അംഗം അനസ് അമാനി തർതീൽ സന്ദേശപ്രഭാഷണം നടത്തി. ആർ. എസ്. സി ഗ്ലോബൽ ജി.ഡി സെക്രട്ടറി കബീർ ചേളാരി വിജയികളെ പ്രഖ്യാപിച്ചു. ഗ്ലോബൽ അംഗം സലീം പട്ടുവം വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു.
തർതീലിന്റെ ഭാഗമായി വനിതകൾക്കായി നടത്തിയ ഖുര്‍ആന്‍ ക്വിസ്, അറബിക് കാലിഗ്രഫി, പെൻസിൽ ഡ്രോയിംഗ് എന്നീ മത്സര വിജയികളെ പ്രഖ്യാപിച്ച് സമ്മാന വിതരണം നടത്തി. ഗ്രാന്‍ഡ് ഇഫ്താറോടെ അവസാനിച്ച സമാപന സംഗമത്തിൽ ആര്‍ എസ് സി റിയാദ് നോർത്ത് ജനറൽ സെക്രട്ടറി നിയാസ് മാമ്പ്ര സ്വാഗതവും, സ്വാഗതസംഘം കൺവീനർ ലത്തീഫ് തിരുവമ്പാടി നന്ദിയും പറഞ്ഞു.