ജിദ്ദ: വൈജ്ഞാനിക സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങളെ പരിചയപ്പെടുത്തുന്നതിനും വിദ്യാർത്ഥികളിലെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സൗദി വെസ്റ്റ് നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് നോളജ് ആൻഡ് ടെക്‌നോളജി എക്‌സ്‌പോ (KNOWTECH ’25) നാളെ (വെള്ളി) ജിദ്ദയിൽ നടക്കും. എക്സ്പോയുടെ ഭാഗമായി ഏർപ്പെടുത്തിയ നോട്ടെക് എക്സലൻസി അവാർഡിന് കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറും കൺസൾട്ടന്റ് ഫിസിക്കൽ തെറാപ്പിസ്റ്റുമായ ഡോ. ഫയാസ് റഹ്മാൻ ഖാൻ അർഹനായി. നാളെ നടക്കുന്ന നോട്ടെക് വേദിയിൽ പുരസ്കാരം സമ്മാനിക്കും.
ന്യൂറോ റീഹാബിലിറ്റേഷനിൽ (Neurorehabilitation) വിദഗ്ദ്ധനായ ഡോ. ഫയാസ് റഹ്മാൻ ഖാൻ, അക്കാദമിക് രംഗത്തും ചികിത്സാ രംഗത്തും ഒരുപോലെ മികവ് തെളിയിച്ച വ്യക്തിയാണ്. ന്യൂറോളജിക്കൽ ഫിസിയോതെറാപ്പിയിൽ ബിരുദാനന്തര ബിരുദവും ന്യൂറോ റീഹാബിലിറ്റേഷനിൽ പിഎച്ച്‌ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. അമ്പത്തിയഞ്ചിലധികം പിയർ-റിവ്യൂഡ് ലേഖനങ്ങൾ (Peer-reviewed articles) പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം, നിരവധി അന്താരാഷ്ട്ര കോൺഫറൻസുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ഒട്ടേറെ ബിരുദാനന്തര ഗവേഷണ പ്രോജക്റ്റുകൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തിട്ടുണ്ട്.
മികച്ച ഗവേഷകനുള്ള നിരവധി റിസർച്ചർ അവാർഡുകളും അന്താരാഷ്ട്ര ഫെലോഷിപ്പുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ, ഉന്നത നിലവാരമുള്ള സയന്റിഫിക് ജേണലുകളുടെ റിവ്യൂവർ, എഡിറ്റോറിയൽ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. അധ്യാപനത്തിനും ഗവേഷണത്തിനുമായി സമർപ്പിച്ച ജീവിതത്തിലൂടെ ആരോഗ്യരംഗത്തെ പുതിയ തലമുറയ്ക്ക് അദ്ദേഹം എന്നും പ്രചോദനമാണ്.
ഡോ. ജമാൽ യൂഷെ ( Lead Knowledge Management Specialist, Islamic Development Bank, Jeddah) എഞ്ചിനിയർ നൗഫൽ അബ്ദുൽ കരീം (Senior Portfolio Analytics Specialist at Islamic Development Bank
Jeddah, Saudi Arabia), മുൻ നോട്ടെക് അവാർഡ് ജേതാവ് ഡോ. ഇർഷാദ് കമ്മക്കകം (Assistant Professor of Chemistry, Nazarbayev University Kazakistan) എന്നിവരടങ്ങിയ പ്രത്യേക ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
നോട്ടെക് നാളെ
ശാസ്ത്ര സാങ്കേതിക രംഗത്തെ വിസ്മയങ്ങൾ ഒരുക്കി നോട്ടെക് എക്സ്പോ നാളെ ജിദ്ദയിൽ നടക്കും. ടെക്നോളജി, സയൻസ്, ഹെൽത്ത് പവലിയനുകൾ, എഐ (AI), റോബോട്ടിക്സ് പ്രദർശനങ്ങൾ, വിദ്യാർത്ഥികളുടെ സയൻസ് വർക്കിംഗ് മോഡലുകൾ എന്നിവ മേളയുടെ പ്രധാന ആകർഷണമാകും. കുട്ടികൾക്കായി ഡി.ഐ.വൈ (DIY) ലാബ്, നോട്ടെക് ഷോകൾ (Teknova), നൂതന ആശയങ്ങൾ പങ്കുവെക്കുന്ന ഐ-ടോക്ക് (i-Talk), കരിയർ ഗൈഡൻസ് (Nexture), മേക്കേഴ്‌സ് മാർക്കറ്റ് തുടങ്ങിയ വൈവിധ്യമാർന്ന സെഷനുകളും എക്സ്പോയിൽ ക്രമീകരിച്ചിട്ടുണ്ട്.



