റിയാദ്: റമദാന്‍ നല്‍കുന്നത് കാരുണ്യത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും സന്ദേശമാണെന്നു കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനും ജാമിഅ മര്‍ക്കസ് വൈസ് ചാന്‍സലറുമായ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അഭിപ്രായപ്പെട്ടു. റിയാദ് മര്‍ക്കസ് കമ്മിറ്റി വനാസ ഇസ്തിറാഹയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്രതാനുഷ്ഠാനം കൊണ്ട് അർത്ഥമാക്കുന്നത് വിശപ്പും ദാഹവും സഹിക്കല്‍ മാത്രമല്ല, മനുഷ്യന്റെ സര്‍വ്വ ചലനങ്ങളും സ്രഷ്ടാവിന്റെ ഹിതത്തിനനുസരിച്ചാവുക എന്നതാണ്. പരസ്പരം സ്‌നേഹിക്കാനും മറ്റുള്ളവരെ ഉള്‍ക്കൊള്ളാനുമുള്ള ഹൃദയ വിശാലത കൈവരിക്കുമ്പോള്‍ മാത്രമേ വ്രതത്തിന്റെ ആന്തരിക സത്ത ഉള്‍കൊണ്ടവരായി നാം മാറുകയുള്ളൂ.
സാഹോദര്യത്തിന്റെയും പാരസ്പര്യത്തിന്റെയും പ്രതിഫലനമായിരിക്കണം വ്രതം. അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബിനികള്‍ അടക്കം ആയിരങ്ങള്‍ പങ്കെടുത്ത ഗ്രാന്‍ഡ് ഇഫ്താര്‍ പരിപാടിയില്‍
സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി പ്രാര്‍ത്ഥന നടത്തി. പരിപാടിയില്‍ റിയാദ് മര്‍കസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ നാസര്‍ അഹ്‌സനി അധ്യക്ഷത വഹിച്ചു. പുതുതായി ചുമതലയേറ്റ ഐ സി എ ഫ്, ആര്‍ എസ് സി ഭാരവാഹികളെ പരിപാടിയില്‍ ആദരിച്ചു.
റിയാദ് മര്‍കസ് ജനറല്‍ സെക്രട്ടറി ഫസല്‍ കുട്ടശ്ശേരി സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ മന്‍സൂര്‍ പാലത്ത് നന്ദിയും പറഞ്ഞു .
ഗ്രാന്റ് ഇഫ്താറിന് മുജിബ് കാലടി, മുനിര്‍ കൊടുങ്ങല്ലൂര്‍, മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍, ഇബ്രാഹിം കരിം, മന്‍സൂര്‍ പാലത്ത്, കരിം ഹാജി, മജിദ് മട്ടന്നൂര്‍, അബ്ദു സ്സമദ് മാവൂര്‍, ശാക്കിര്‍ കൂടാളി, അഷ്‌റഫ് ഉള്ളാട്ടില്‍, അബ്ദു ലത്വീഫ് മിസ്ബാഹി തുടങ്ങിയവര്‍ നേതൃത്വം നല്‍കി