റിയാദ്: ബി.ജെ.പി സര്‍ക്കാര്‍ ഗൂഢലക്ഷ്യത്തോടെ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടന വിരുദ്ധമാണെന്ന് റിയാദ് തൃശൂര്‍ ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. നിയമം പൗരന്റെ മൗലികാവകാശത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്നും യോഗം അഭിപ്രായപ്പെട്ടു. വഖഫ് പ്രതിഷേധ സംഗമത്തില്‍ തൃശൂര്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി മുള്ളൂര്‍ക്കര അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് കബീര്‍ വൈലത്തൂര്‍ ഉദ്ഘാടനം ചെയ്തു.
മതപരമായ കടമകള്‍ നിര്‍വഹിക്കാനും കൈകാര്യം ചെയ്യാനുമുള്ള അവകാശം നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ഇരുപത്തിയാറാം അനുച്ഛേദത്തിന്റെ പ്രകടമായ ലംഘനമാണ് വഖഫ് ഭേദഗതി ബില്‍. ഒരു വ്യക്തിക്ക് വഖ്ഫ് ചെയ്യണമെങ്കില്‍ അഞ്ചു വര്‍ഷമെങ്കിലും മതം പിന്തുടരണമെന്നും പരിശീലിക്കണമെന്നും ഇതില്‍ നിര്‍ദേശിക്കുന്നു. ഇത് തീര്‍ത്തും യുക്തിരഹിതവും അടിസ്ഥാനമില്ലാത്തതുമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കു തന്നെ കോട്ടം തട്ടിക്കുന്ന നിയമം അംഗീകരിക്കാൻ കഴിയില്ല.
അപരവിദ്വേഷം മാത്രം ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായ ആര്‍.എസ്.എസിന്റെ ആസ്ഥാനത്ത് നിന്നും ഉദിച്ചതാണ് ഭേദഗതി നിയമം. പ്രസ്തുത ബില്‍ കൂടുതല്‍ വര്‍ഗീയ ആക്രമണങ്ങള്‍ക്ക് വഴിവെക്കുന്നതാണെന്നും യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്റെ മുസ്‌ലിം വിരുദ്ധ നീക്കത്തില്‍ ശക്തമായ പ്രതിഷേധം യോഗം രേഖപ്പെടുത്തി. സെന്‍ട്രല്‍ കമ്മറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ ട്രഷറര്‍ മുഹമ്മദ് ഷാഫി കല്ലിങ്ങല്‍ പ്രമേയം അവതരിപ്പിച്ചു, നാഷണല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, മുജീബ് ഉപ്പട, സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്ദുറഹ്മാന്‍ ഫറോക്ക്, ബാവ താനൂര്‍, ഒഐസിസി തൃശൂര്‍ ജില്ലാ പ്രസിഡന്റ് നാസര്‍ വലപ്പാട്, കോഴിക്കോട് ജില്ല പ്രസിഡന്റ് സുഹൈല്‍, പാലക്കാട് ജില്ല ജന സെക്രട്ടറി ഷബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അന്‍ഷാദ് കയ്പമംഗലം സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ വെണ്‍മെനാട് നന്ദിയും പറഞ്ഞു. ഉമര്‍ കിള്ളിമംഗലം ഖിറാഅത്ത് നടത്തി.
പരിപാടിക്ക് ജില്ലാ ഭാരവാഹികളായ ഉമര്‍ ചളിങ്ങാട്, ഷാഹിദ് അറക്കല്‍, സുബൈര്‍ ഒരുമനയൂര്‍, സലീം പാവറട്ടി, മുഹമ്മദ് സ്വാലിഹ് അന്തിക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.