റിയാദ്: റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന ‘കാലിഫ്’ മാപ്പിള കലോത്സവം. ജനറൽ വിഭാഗത്തിനായി നടന്ന ഉപന്യാസ രചന, മാപ്പിളപ്പാട്ട് രചന, സീനിയർ വിഭാഗം പുരുഷന്മാർക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരം എന്നിവയിൽ നിരവധി മത്സരാർത്ഥികൾ മാറ്റുരച്ചു.
മലബാറിലെ സ്വാതന്ത്ര്യ പോരാട്ടങ്ങളും മാപ്പിള കലകളും എന്ന വിഷയത്തിൽ ഉപന്യാസ രചനാ മത്സരവും, 1980ലെ അറബി ഭാഷാ സമരം എന്ന വിഷയത്തിൽ മാപ്പിളപ്പാട്ട് രചനാ മത്സരവും നടന്നു. വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ രചനാ മത്സരങ്ങളിൽ മാറ്റുരച്ചു. ഈ മത്സരങ്ങളിലെ വിജയികളെ അടുത്ത വെള്ളിയാഴ്ച നടക്കുന്ന കാലിഫ് മത്സരവേദിയിൽ വച്ച് പ്രഖ്യാപിക്കും.
സീനിയർ പുരുഷന്മാർക്കുള്ള പ്രസംഗ മത്സരത്തിൽ ‘മതനിരപേക്ഷത വർത്തമാന കാലഘട്ടത്തിൽ’, ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരവും മുസ്ലിം സമുദായവും’, ‘ലഹരിയിലമരുന്ന യുവത’ എന്നീ മൂന്ന് വിഷയങ്ങളിൽ നിന്ന് മത്സരത്തിന് അഞ്ച് മിനിറ്റ് മുൻപ് നറുക്കെടുപ്പിലൂടെ ലഭിച്ച ഒരു വിഷയത്തിൽ മത്സരാർത്ഥികൾ പ്രസംഗം അവതരിപ്പിച്ചു. മുഹമ്മദ് റിൻഷാദ് (വണ്ടൂർ നിയോജകമണ്ഡലം), ഷബീറലി ജാസ് ആട്ടീരി (വേങ്ങര മണ്ഡലം), ഇമ്തിയാസ് ബാബു (മലപ്പുറം മണ്ഡലം) എന്നിവർ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് സുഹൈൽ കൊടുവള്ളി എന്നിവരായിരുന്നു പ്രസംഗ മത്സരത്തിന്റെ വിധികർത്താക്കൾ.
ചടങ്ങിൽ സൗദി നാഷണൽ കെഎംസിസി വെൽഫെയർ വിങ്ങിന്റെ ജനറൽ കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട് വിശിഷ്ടാതിഥിയായിരുന്നു. ‘കാലിഫ് 2025‘ ഡയറക്ടർ ഷാഫി മാസ്റ്റർ തുവ്വൂർ പരിപാടിയുടെ ആമുഖഭാഷണം നടത്തി. മലപ്പുറം ജില്ലാ കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് ശരീഫ് അരീക്കോട് അധ്യക്ഷനായ പരിപാടിയിൽ ജനറൽ സെക്രട്ടറി സഫീർ തിരൂർ സ്വാഗതവും, സെക്രട്ടറി അർഷദ് തങ്ങൾ നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങൾ കഴിഞ്ഞപ്പോൾ നിലവിൽ ഓരോ മണ്ഡലങ്ങളും കരസ്ഥമാക്കിയ പോയിന്റ് നില നവാസ് കുറുങ്കാട്ടിൽ അവതരിപ്പിച്ചു.
മെയ് എട്ട് മുതൽ സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കുന്ന കാലിഫിന്റെ മൂന്നാം ദിവസമായ അടുത്ത വെള്ളിയാഴ്ച (23-05-2025) കൂടുതൽ ആവേശകരമായ മത്സരങ്ങൾക്ക് വേദിയൊരുങ്ങും. ജനറൽ വിഭാഗത്തിനുള്ള അറബി മലയാളം കയ്യെഴുത്ത്, കുട്ടികൾക്കുള്ള നേതൃസ്മൃതി-കഥപറച്ചിൽ, കുട്ടികൾക്കുള്ള മാപ്പിളപ്പാട്ട് മത്സരങ്ങൾ എന്നിവയ്ക്കായി നൂർ ഓഡിറ്റോറിയത്തിൽ കെ ടി മാനു മുസ്ലിയാർ വേദി സജ്ജമാകും. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
റിയാദിലെ കലാസ്വാദകർക്ക് കാലിഫ് 2025 ഒരു പുതിയ അനുഭവമായി മാറുകയാണ്. കൂടുതൽ ആവേശകരമായ വരും ദിവസങ്ങളിലെ മത്സരങ്ങൾക്കായി ഏവരും കാത്തിരിക്കുകയും വിജയിപ്പിക്കുകയും ചെയ്യണമെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കാലിഫ് സംഘാടകസമിതി അറിയിച്ചു.