റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒന്നും മറച്ചുവെക്കാനില്ലെന്ന് റിയാദിലെ റഹീം നിയമസഹായ സമിത അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പതിനൊന്നാം തവണയും റിയാദ് ക്രമിനല്‍ കോടതി കേസ് മാറ്റിവെച്ച സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമിതി വിശദീകരിച്ചത്.
കുറ്റപത്രത്തിന്റെ രേഖകള്‍ വിശദമായി പരിശോധിക്കാനാണ് കേസ് അടുത്ത മാസം 5 ലേക്ക് നീട്ടിവെച്ചിരിക്കുന്നത്. റഹീമിന്റെ മോചനത്തിന് വേണ്ടി സ്വരൂപിച്ച 15 മില്യന്‍ റിയാല്‍ ഇന്ത്യന്‍ എംബസി വഴി കോടതിക്ക് കൈമാറുകയും കോടതി അത് സൗദി ബാലന്റെ കുടുംബത്തിന് അഭിഭാഷകന്‍ വഴി കൈമാറുകയും ചെയ്തു. ഇതോടെയാണ് സ്വകാര്യ അവകാശത്തിന്മേലുള്ള കേസ് അവസാനിച്ചതും റഹീമിന്റെ വധശിക്ഷ റദ്ദാക്കിയതും.
പിന്നീട് പൊതു അവകാശത്തിന്മേലുള്ള കേസിലെ വാദമാണ് നടന്നുവരുന്നത്. ഡോ. റനാ ആല്‍ ദഹ്ബാന്‍, ഉസാമ അല്‍അമ്പര്‍ എന്നിവരും അബ്ദുറഹീമും കുടുംബത്തിന്റെ അറ്റോര്‍ണിയായ സിദ്ദീഖ് തുവ്വൂരും എല്ലാ സിറ്റിംഗുകളിലും ഹാജറായിരുന്നു. ആവശ്യമായ രേഖകളുടെ ഒറിജിനല്‍ പതിപ്പ് പ്രതിഭാഗമായ പബ്ലിക് പ്രോസിക്യൂഷനോട് ക്രിമിനല്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയിലിരിക്കുന്ന കേസായതിനാലാണ് അതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ പുറത്തുപറയാന്‍ സാധിക്കാത്തത്. റഹീമിന്റെ മോചനത്തിന് ആവശ്യമായ എല്ലാ നടപടികളിലും നിയമത്തിന്റെ വഴിക്ക് നീങ്ങുന്നുണ്ട്. കേസില്‍ വാദം കേള്‍ക്കല്‍ നീട്ടിവെക്കുന്നതിന് കോടതിക്ക് കാരണങ്ങളുണ്ടാകാം. കോടതിയുടെ അന്തിമവിധിക്ക് കാത്തിരിക്കുകയാണ്.
റഹീം സമിതി ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍, വൈസ് ചെയര്‍മാന്‍ മുനീബ് പാഴൂര്‍, സുരേന്ദ്രന്‍ കൂട്ടായി, സിദ്ധിഖ് തുവ്വൂര്‍, കുഞ്ഞോയി കോടമ്പുഴ, മുഹിയുദ്ദീന്‍ ചേവായൂര്‍, നവാസ് വെള്ളിമാട്കുന്ന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.