ജിദ്ദ– സൗദിയിലെ ഇന്ത്യന്‍ പ്രവാസി വിദ്യാര്‍ത്ഥികളെ തേടി ഇന്ത്യയിലെ മുന്‍നിര സ്വകാര്യ സര്‍വകലാശാലകള്‍ ജിദ്ദയിലും റിയാദിലും ദമ്മാമിലുമെത്തുന്നു. നാളെ മുതല്‍ ആരംഭിക്കുന്ന ഇന്ത്യന്‍ ഹയര്‍ എജുക്കേഷന്‍ ആന്റ് കരിയര്‍ ഫയര്‍ 2025ല്‍ 20ഓളം സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് പങ്കെടുക്കുന്നത്. ജിദ്ദയിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് വിദ്യാഭ്യാസ മേള. നവംബര്‍ 14, 15 തീയതികളിൽ അല്‍ ഖോബാറിലെ ഡ്യൂന്‍സ് ഇന്റര്‍നാഷനല്‍ സ്‌കൂളിലും, നവംബര്‍ 17ന് റിയാദിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലും ഈ ഉന്നതവിദ്യാഭ്യാസ, കരിയര്‍ മേള നടക്കും.
ദല്‍ഹി ആസ്ഥാനമായ എജുനിയല്‍ ഇന്‍ഫോടെക്ക് ഗ്രൂപ്പും ജിദ്ദയിലെ ഇസിജിഎസ് എജുക്കേഷനും സംയുക്തമായാണ് ഇന്ത്യന്‍ ഹയര്‍ എജുക്കേഷന്‍ ആന്റ് കരിയര്‍ ഫയര്‍ 2025 സംഘടിപ്പിക്കുന്നത്. മധ്യസ്ഥരില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് യൂനിവേഴ്‌സിറ്റി പ്രതിനിധകളുമായി ബന്ധപ്പെടാനും കോഴ്‌സുകള്‍, പ്രവേശനം എന്നിവയെ കുറിച്ചറിയാനും ഈ മേള വഴിയൊരുക്കുമെന്ന് എജുനിയല്‍ ഇന്‍ഫോടെക്ക് ഡയറക്ടര്‍ ത്രിഭുവന്‍ പ്രതാപ് സിങ് പറഞ്ഞു. പത്തു വര്‍ഷത്തോളമായി ഗള്‍ഫ് രാജ്യങ്ങളിലുടനീളം തങ്ങള്‍ ഈ മേള സംഘടിപ്പിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു.
മേളയില്‍ പങ്കെടുക്കുന്ന യൂനിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായ സ്‌കോളര്‍ഷിപ്പുകളെ കുറിച്ചും കരിയര്‍ ആസൂത്രണത്തെ കുറിച്ചും വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും എജുക്കേഷന്‍ കൗണ്‍സലര്‍മാര്‍ക്കും പരസ്പരം ബന്ധപ്പെടാനും മേള വേദിയൊരുക്കും.
പാശ്ചാത്യ രാജ്യങ്ങളില്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ അപേക്ഷകള്‍ പല രാജ്യങ്ങളും തള്ളുന്നത് വര്‍ധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ചെലവ് കുറഞ്ഞതും ഉന്നത ഗുണനിലവാരവുമുള്ള ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖല കൂടുതൽ ആകർഷണീയമായിട്ടുണ്ട്. 1100ലേറെ യൂനിവേഴ്സിറ്റികളും 45,000ലേറെ കോളെജുകളുമുള്ള ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍ കൂടുതല്‍ പേരിലെത്തിക്കാനും വിദേശ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വിദ്യാര്‍ത്ഥികളെ രാജ്യത്തെ സര്‍വകലാശാലകളിലെത്തിക്കാനും ഇതുപോലുള്ള വിദ്യാഭ്യാസ മേളകള്‍ അവസരമൊരുക്കുമെന്ന് ത്രിഭുവന്‍ പ്രതാപ് സിങ് പറഞ്ഞു.
25 ലക്ഷത്തിലേറെ ഇന്ത്യക്കാരുടെ സൗദി അറേബ്യയില്‍ പ്രവാസി ഇന്ത്യക്കാര്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ളതും എന്നാല്‍ ചെലവ് കുറഞ്ഞതുമായ വിദ്യാഭ്യാസ അവസരങ്ങളാണ്, മെഡിക്കല്‍, എന്‍ജിനീയറിങ്, മാനേജ്‌മെന്റ്, ടെക്‌നോളജി തുടങ്ങി വിവിധ മേഖകളിലായി ഈ യൂനിവേഴ്‌സിറ്റികളിലുള്ളതെന്ന് ഇസിജിഎസ് എജുക്കേഷന്‍ ജനറല്‍ മാനേജര്‍ റിയാസ് മുല്ല പറഞ്ഞു.



