ജിദ്ദ: കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്ലിൽ പ്രവാസി വെൽഫെയർ മഹ്ജർ ഏരിയ ഘടകം “വഖഫ് ബില്ലും സംഘപരിവാറിന്റെ വംശീയ അജണ്ടകളും” എന്ന തലക്കെട്ടിൽ ചർച്ചാ സംഗമം സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് അബ്ദുറഹീം ഒതുക്കുങ്ങൽ സംഗമം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനങ്ങളിൽ ബി.ജെ.പി സർക്കാർ വ്യവസ്ഥാപിതമായി നടത്തിക്കൊണ്ടിരിക്കുന്ന കൈകടത്തലിന്റെ തുടർച്ചയാണ് കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബിൽ. സംഘ്പരിവാറിന്റെ സവർണ്ണ വംശീയവാദ രാഷ്ട്രീയത്തിനെ പ്രതിരോധിക്കാൻ സാഹോദര്യത്തെ ശക്തിപ്പടുത്തലാണ് ഫലപ്രദമായ വഴി. മാതൃസംഘടനയായ വെൽഫെയർ പാർട്ടി കേരളത്തിൽ ഇപ്പൊൾ നടത്തിക്കൊണ്ടിരിക്കുന്ന “സാഹോദര്യ യാത്ര” ആ ലക്ഷ്യം നേടാൻ വേണ്ടിയാണെന്ന് റഹീം പറഞ്ഞു.
വഖഫ് നിയമ ഭേദഗതി വിവേചനപരവും ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കൈകടത്തലുമാണെന്ന് പ്രവാസി വെൽഫെയർ സൗദി നാഷണൽ കമ്മിറ്റി അംഗം ഖലീൽ പാലോട് പറഞ്ഞു. പൗരത്വ പ്രക്ഷോഭ കാലത്ത് കണ്ടതുപോലെ ജനകീയ ചെറുത്തു നിൽപിലൂടെ തെരുവുകൾ ഈ നിയമത്തെയും റദ്ദ് ചെയ്യും. ജനാധിപത്യ മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് കക്ഷി ഭേദമന്യെ മുഴുവൻ ഇന്ത്യക്കാരും രംഗത്തിറങ്ങുമെന്നാണ് നാം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശറഫിയ റീജിയണൽ പ്രസിഡന്റ് തമീം മമ്പാട് പരിപാടിയിൽ അധ്യക്ഷത വഹിച്ചു .കെ എം സി സി മഹ്ജർ ഏരിയ രക്ഷാധികാരി കെ കെ മുസ്തഫ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. വഖ്ഫ് ബില്ലിനെതിരെയുള്ള മഹ്ജർ ഏരിയാ കമ്മിറ്റിയുടെ പ്രമേയം പ്രൊവിൻസ് കമ്മിറ്റി അംഗം സിസ്റ്റർ സലീഖത്ത് അവതരിപ്പിച്ചു. മഹജൻ ഏരിയാ പ്രസിഡന്റ് അബ് ദുറഹിമാൻ പി പി സ്വാഗതവും അബ്ദുൽ ബാസിത്ത് നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group