അൽഖോബാർ: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി വെൽഫെയർ അൽഖോബാർ റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് അവലോകന യോഗം സംഘടിപ്പിച്ചു. ഇതുവരെയുള്ള പ്രചാരണ രീതികൾ, മുന്നണികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ, വിവിധ മണ്ഡലങ്ങളിലെ ജയപരാജയ സാധ്യതകൾ എന്നിവ യോഗം വിശദമായി ചർച്ച ചെയ്തു. ഭരണപക്ഷത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും, ഘടകകക്ഷികളുടെ നിലപാടുകൾ, രാഷ്ട്രീയ മുന്നണികൾ തമ്മിലുള്ള പരസ്യവും രഹസ്യവുമായ ധാരണകൾ തുടങ്ങിയവയും യോഗത്തിൽ ഗൗരവകരമായ ചർച്ചാവിഷയമായി. ഫാസിസത്തെ എതിർത്തു തോൽപ്പിക്കാനും കേരളത്തിൽ സൽഭരണം കാഴ്ചവെക്കാനും യു.ഡി.എഫിന്റെ വിജയം അനിവാര്യമാണെന്നും മികച്ച ഭൂരിപക്ഷത്തോടെ മുന്നണി അധികാരത്തിൽ വരുമെന്നും യോഗം വിലയിരുത്തി.
പ്രവാസി വെൽഫെയർ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഖലീലുറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ് പ്രസിഡന്റ് ഇ.കെ. സലിം, ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ, ഒ.ഐ.സി.സി അൽഖോബാർ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് സുബൈർ പാറക്കൽ, ട്രഷറർ ഷൈൻ രാജൻ എന്നിവർ പങ്കെടുത്തു. കെ.എം.സി.സി അൽഖോബാർ വൈസ് പ്രസിഡന്റ് ആസിഫ് കോണ്ടോട്ടി, പ്രവാസി വെൽഫെയർ റീജിയണൽ കമ്മിറ്റി നേതാക്കളായ അൻവർ സലിം, അഷ്‌റഫ് പിടി എന്നിവർ സംസാരിച്ചു. പ്രവാസി വെൽഫെയർ റീജിയണൽ മീഡിയ തലവൻ സാബു മേലതിൽ ചർച്ച നിയന്ത്രിച്ചു.



