ജിദ്ദ: ഉംറ നിർവഹിക്കുന്നതിനായി സൗദി അറേബ്യയിലെത്തിയ ഏറനാട് മണ്ഡലം എം.എൽ.എ പി.കെ. ബഷീറിന് ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി ഊഷ്മളമായ സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് സുൽഫീക്കർ ഒതായി, ജനറൽ സെക്രട്ടറി മൊയ്‌ദീൻ കുട്ടി കാവനൂർ എന്നിവർ ബൊക്കെ നൽകി സ്വീകരിച്ചു.
കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതിനാൽ യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും പി.കെ. ബഷീർ പറഞ്ഞു. പ്രവാസികൾ നേരിടുന്ന നിലവിലെ പ്രശ്നങ്ങൾക്ക് യു.ഡി.എഫ് സർക്കാർ പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനൽകി.
മുസ്ലിം ലീഗിന്റെ പ്രഖ്യാപിത നിലപാടായ കാരുണ്യപ്രവർത്തനങ്ങളിൽ ഭരണമില്ലെങ്കിലും യാതൊരു കുറവും വരുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വയനാട് പ്രളയബാധിതർക്കായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച വീടുകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും, പദ്ധതിയുടെ ആദ്യഘട്ട വീടുകളുടെ താക്കോൽദാനം ഈ മാസം തന്നെ നടക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
മൻസൂർ കെ.സി, കെ.ടി.എ ബക്കർ, കെ.വി സലാം, ഫാറൂഖ്, അലി തുടങ്ങിയ ഭാരവാഹികളും വിവിധ പഞ്ചായത്ത് പ്രതിനിധികളും സംസാരിച്ചു. കെ.എം.സി.സി നേതാക്കളായ വി.പി മുസ്തഫ, സബീർ മമ്പാട്, സൈദ് അലവി കുഴിമണ്ണ, മുസ്തഫ കോഴിശ്ശേരി എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.



