ജിദ്ദ- ഒഴുകൂർ പ്രവാസി കൂട്ടായ്മയുടെ (OPK) പത്താം വാർഷികാഘോഷവും ഈദ് സംഗമവും ആഘോഷിച്ചു. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ വൈവിധ്യമാർന്ന കലാ-കായിക പരിപാടികൾ അരങ്ങേറി. ജിദ്ദ മീഡിയ ഫോറം ട്രഷറർ സുൽഫീക്കർ ഒതായി ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തിൽ വിദ്യാർത്ഥികളിൽ കൃഷിയോടുള്ള താല്പര്യം വളർത്തുന്നതിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളിൽ കുട്ടികൾക്ക് അറിവ് നൽകാൻ മഹല്ല് കമ്മിറ്റികൾ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ നാട്ടിലെ വിശേഷങ്ങളും സാമൂഹിക വിഷയങ്ങളും ജനങ്ങളിലെത്തിക്കുന്ന ശാഹുൽ പെരുമ്പിലായിയെ ആദരിച്ചു. ഗായകരായ സോഫിയ സുനിൽ, ശാഹുൽ, ആരിഫ് യാമ്പു എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനസന്ധ്യയും കുട്ടികളുടെ വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ഒ.പി.കെ പ്രസിഡന്റ് നാണി പി.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഹമീദ് കൈപ്പക്കഞ്ചേരി ആമുഖ പ്രഭാഷണം നടത്തി. രക്ഷാധികാരികളായ മുഹമ്മദ് പെരുമ്പിലായി, ഡോക്ടർ അനു കാവിൽ എന്നിവർ സംഘടനയുടെ വരാനിരിക്കുന്ന പുതിയ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ചെയർമാൻ ഹമീദ് യാമ്പു, അയൂബ് എം.സി, ജെഷീം കെ.സി, മൻസൂർ ബാബു എന്നിവർ ആശംസകൾ നേർന്നു. ആഘോഷത്തോടനുബന്ധിച്ച് നടന്ന ഫുട്ബോൾ, വടംവലി മത്സരങ്ങൾക്ക് ഷൗക്കത്ത് ഞാറകോടൻ, ശമീൽ പൂന്തല, അലി ഞാറകോടൻ എന്നിവർ നേതൃത്വം നൽകി.



