ജിദ്ദ: ജനങ്ങൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച അതുല്യ നേതാവും മുഖ്യമന്ത്രിയുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സെമിനാർ അഭിപ്രായപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തോടനുന്ധിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. ജനങ്ങൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച അതുല്യനായ നേതാവും ഭരണാധികാരിയുമായിരുന്നു ഉമ്മൻ ചാണ്ടിയെന്നും യോഗം അഭിപ്രായപ്പെട്ടു.
അസീസ് ലാക്കൽ അധ്യക്ഷത വഹിച്ചു. നിരാലംബർക്കും അശരണർക്കും താങ്ങും തണലുമായിരുന്ന ഉമ്മൻ ചാണ്ടി സാധാരണക്കാർക്ക് പ്രാപ്യനായ നേതാവും ഭരണാധികാരിയുമായിരുന്നു. ജനസമ്പർക്ക പരിപാടിയും വിവിധ ക്ഷേമ പദ്ധതികളും ഇടപെടലുകളും അദ്ദേഹത്തെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പ്രിയങ്കരനാക്കി. മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്റെ ഓഫിസിന്റെ പ്രവർത്തനങ്ങൾ സദാസമയവും വെബ്സൈറ്റിലൂടെ സംപ്രേഷണം ചെയ്‌തിരുന്നത് ഭരണ നിർവ്വഹണത്തിൽ സുതാര്യത ഉറപ്പ് വരുത്തുന്ന അപൂർവ്വമായ നടപടിയായിരുന്നു.
അപവാദ പ്രചാരണങ്ങൾ കൊടുമ്പിരി കൊണ്ടപ്പോൾ ഒളിച്ചോടാതെ സധൈര്യം ക്ഷമയോടെയും സഹിഷ്ണുതയോടെയും നേരിട്ട് ഉമ്മൻചാണ്ടിയായിരുന്നു ശരിയെന്നു കാലം തെളിയിച്ചു. ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് വേട്ടയാടിയവരോടും കല്ലെറിഞ്ഞവരോടും പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യാനുള്ള ഉമ്മൻചാണ്ടിയുടെ ഹൃദയവിശാലത മറ്റു നേതാക്കളിൽ നിന്നും ഭരണാധികാരികളിൽ നിന്നും ഉമ്മൻ ചാണ്ടിയെ വ്യത്യസ്തനാക്കുന്നതാണെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.


പ്രവാസികളോട് വലിപ്പച്ചെറുപ്പമില്ലാതെ ഹൃദയ ബന്ധമുണ്ടായിരുന്ന ഉമ്മൻചാണ്ടി പ്രവാസികൾക്ക് ആശ്രയവും അഭയവുമായിരുന്നു. നിതാഖാത്ത് സമയത്ത് സൗജന്യ ടിക്കറ്റ് നൽകിയതുൾപ്പെടെ പ്രവാസികൾക്ക് ആശ്വാസകരമായ നടപടികളും വിവിധ പ്രശ്‌നങ്ങളിൽ നിരന്തരമായ ഇടപെടലുകളും നടത്തിയ ഉമ്മൻ ചാണ്ടിയുടെ വിയോഗം നാടിനും പ്രവാസലോകത്തിനും അപരിഹാര്യമായ നഷ്ടമാണുണ്ടാക്കിയത്. മുന്നണി രാഷ്ട്രീയം കൈകാര്യം ചെയ്‌തിരുന്നതിൽ ഉമ്മൻചാണ്ടിക്കുണ്ടായിരുന്ന അനിതരസാധാരണമായ രാഷ്ട്രീയ വൈഭവം യു.ഡി.എഫ്. മുന്നണിക്ക് വലിയ കരുത്ത് നൽകിയതായും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ചാണ്ടി ഉമ്മൻ എം.എൽ.എ ഓൺ ലൈനിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സൗദി ദേശീയ കമ്മിറ്റി സെക്രട്ടറി നാസർ വെളിയംകോട് മുഖ്യപ്രഭാഷണം നടത്തി. ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി അംഗം സിഎം അഹമ്മദ് ആക്കോട്, ഒ.ഐ.സി.സി സൗദി ദേശീയ കമ്മറ്റി ട്രഷറർ യാസർ നായിഫ്, ഒ.ഐ.സി.സി റീജിയണൽ കമ്മറ്റി ജനറൽ സെക്രട്ടറി ആസാദ് പോരൂർ തുടങ്ങി വിവിധ റീജിയൻ, ജില്ലാ, നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി ഇസ്മായിൽ കൂരിപ്പൊയിൽ, ഫൈസൽ മക്കരപ്പറമ്പ്, യു എം ഹുസൈൻ മലപ്പുറം,
ഉസ്മാൻ കുണ്ടുകാവിൽ, സാജു റിയാസ്, ഉസ്മാൻ മേലാറ്റൂർ, സിപി മുജീബ് കാളികാവ്, കമാൽ കളപ്പാടൻ
അലവി ഹാജി, നൗഷാദ് ബഡ്ജറ്റ്, എം ടി ഗഫൂർ, ഷിബു കാളികാവ് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ഗഫൂർ വണ്ടൂർ നന്ദി പറഞ്ഞു.